boche-arrest

നടി ഹണി റോസിന്‍റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി.  മജിസ്ട്രേറ്റ് കോടതിയിൽ നിന്നുള്ള ജാമ്യ ഉത്തരവ്  ജയിലിലെത്തിച്ചതിന് പിന്നാലെയാണ് ബോബി ഇറങ്ങിയത്. പണമില്ലാത്തതിനാല്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാനാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്നാണ് ബോബിയുടെ വിശദീകരണം. ഇതില്‍ കോടതിയലക്ഷ്യമില്ലെന്നും ഉത്തരവ് ഇന്നാണ് ജയിലിലെത്തിയതെന്നും ബോബി പറഞ്ഞു. 

ജാമ്യം ലഭിച്ചിട്ടും ഇന്നലെ ബോബി പുറത്തിറങ്ങാൻ വിസമ്മതിച്ചതിന് ബോബിയുടെ അഭിഭാഷകനെ ഹൈക്കോടതി വിളിപ്പിച്ചു. രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിനെതിരെ ഉയര്‍ത്തിയത്. നാടകം കളിക്കരുതെന്നും വേണ്ടി വന്നാല്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നും കോടതി പറഞ്ഞു. ജാമ്യ ഉത്തരവ് ഇന്നലെ വൈകിട്ട് 4.08 ന് അപ്​ലോഡ് ചെയ്തുവെന്നും ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മറ്റുതടവുകാരെ സഹായിക്കാനാണ് താന്‍ ഇന്നലെ ജയിലില്‍ നിന്ന് ഇറങ്ങാതിരുന്നതെന്ന് ബോബി പറഞ്ഞു.

ബോബി ചെമ്മണ്ണൂരിന്‍റെ വാക്കുകള്‍

ആഹാരം കഴിച്ചിട്ട് ഹോട്ടലില്‍ ബില്ല് കൊടുക്കാത്തതിന്‍റെ പേരില്‍ പിടിച്ചിട്ടുള്ള ചെറിയ ചെറിയ കേസുകളുണ്ട്. അവര്‍ക്കൊക്കെ ജാമ്യം കിട്ടിയിട്ടും 5000, 10000വും ഇല്ലാത്തതിന്‍റെ പേരില്‍ അകത്ത് കിടക്കുന്നവരാണ്. അങ്ങനെ 10, 26 കേസുണ്ട്. അവര്‍ എന്‍റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ പറഞ്ഞു നമുക്ക് പരിഹരിക്കാം, അതിനുള്ള സമയത്തിന് വേണ്ടിയാണ് ഞാന്‍ ഒരു ദിവസം കൂടി നിന്നത്. പൈസ ഇല്ലാത്തവര്‍ക്ക് പൈസ അറേഞ്ച് ചെയ്ത് കൊടുക്കാന്‍ നിന്നതാണ്. കോടതിയലക്ഷ്യമല്ല, കടലാസ് കിട്ടിയത് ഇന്നാണ്. 

ENGLISH SUMMARY:

Boby Chemmanur stated that he chose not to be released yesterday despite being granted bail to help those who remain in jail due to lack of money