Aju Alex

കേസ് ഭയവും ഉൽക്കണ്ഠയും ഉണ്ടാക്കുന്നതായി മോഹൻലാലിനെതിരായ അധിക്ഷേപത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യൂട്യൂബർ ചെകുത്താൻ എന്ന അജു അലക്സ്. ട്രൈപ്പോഡ് ഉൾപ്പെടെ വിഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഒളിവിലായിരുന്നു എന്ന് പറഞ്ഞത് തെറ്റൊന്നും അജു അലക്സ് മനോരമ ന്യൂസിനോട് പറഞ്ഞു. 

 

‘വ്യാഴാഴ്ച  ഉച്ചയ്ക്കാണ്  തിരുവല്ല എസ്എച്ച്ഒ ഫോണില്‍ വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് വെള്ളിയാഴ്ച സ്റ്റേഷനില്‍ ഹാജരാകാനും പറഞ്ഞു. വൈകുന്നേരമായപ്പോള്‍ ഞാന്‍ ഒളിവിലാണെന്ന വാര്‍ത്ത വന്നു. എന്നാല്‍ ആ വാര്‍ത്ത ശരിയല്ല. പിറ്റേ ദിവസം ഞാന്‍ ഹാജരായി. എന്നെ കസ്റ്റഡിയില്‍ എടുത്തു വൈദ്യ പരിശോധന നടത്തി. പിന്നെ തെളിവെടുപ്പിനായി എറണാകുളത്ത് കൊണ്ടുപോയി. തിരിച്ച് സ്റ്റേഷനില്‍ വന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.  സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന കേസാണെന്ന് ആദ്യമേ എസ്ഐ പറഞ്ഞിരുന്നെന്നും അജു അലക്സ് പറഞ്ഞു. 

അതേസമയം, ഭയമുണ്ടോ എന്ന ചോദ്യത്തിന് ചില സമയങ്ങളില്‍ ഭയവും ഉൽക്കണ്ഠയുമുണ്ടാകുന്നതായി അലക്സ് പ്രതികരിച്ചു. ഉത്കണ്ഠ ഉണ്ടാകും, ഇതുവരെ നടന്നത് ഇത്രയുമാണ്. ഇക്കാര്യമേ പറയാനുള്ളൂ. കേസിന്‍റെ പശ്ചാത്തലത്തില്‍ എല്ലാറ്റിനും ഉത്തരം പറയാന്‍ പറ്റിയ സാഹചര്യമല്ലെന്നും അജു അലക്സ് പറഞ്ഞു. 

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് സൈനിക വേഷത്തിലെത്തിയ മോഹന്‍ലാലിനെ വ്ലോഗിലൂടെ അധിക്ഷേപിച്ചതിനാണ് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തത്. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് നല്‍കിയ പരാതിയിലാണ് കേസ്. വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അധിക്ഷേപ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് കേസ്. 

ദുരന്ത മുഖത്ത് പ്രവര്‍ത്തിക്കാന്‍ വരുന്നവര്‍ അവരുടെ സംഘടനകളുടെ യൂണിഫോം ഇട്ടിട്ട് വരരുതെന്നും അങ്ങനെയുള്ളവരെ അവിടേക്ക് പ്രവേശിപ്പിക്കരുതെന്നും  അലക്സ് പറഞ്ഞിരുന്നു. പകരം രക്ഷാപ്രവര്‍ത്തനത്തിന് വരുന്നവര്‍ക്ക് ഡ്രസ് കോഡ് നല്‍കണമെന്നും അജു അലക്സ് ആവശ്യപ്പെട്ടിരുന്നു. 

ENGLISH SUMMARY:

YouTuber Aju Alex, who was arrested and released on bail for insulting Mohanlal, says that the case is causing fear and panic.