വീട്ടിലെ ഉപയോഗ ശൂന്യമായ ജീന്‍സില്‍ പൊന്നു വിളയിക്കുകയാണ് ഒരു എട്ടാം ക്ലാസുകാരന്‍. എറണാകുളം വടക്കന്‍ പറവൂര്‍ കരുമാലൂര്‍ സ്വദേശി അഭിനവാണ് വീട്ടു മുറ്റത്തെ പച്ചക്കറി തോട്ടം വ്യത്യസ്തമാക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്ന കോഴികള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഉപയോഗ ശൂന്യമായ ജീന്‍സുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റിയത്.
വീട്ടില്‍ അമ്മ വളര്‍ത്തുന്ന കോഴികള്‍ തന്‍റെ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് എറണാകുളം വടക്കന്‍ പറവൂര്‍ കരുമാലൂര്‍ സ്വദേശി എട്ടാം ക്ലാസുകാരന്‍ അഭിനവിന് ഒരു ബുദ്ധി തോന്നിയത്. ചെടിച്ചട്ടികളും ഗ്രോ ബാഗുകളും വാങ്ങാന്‍ പണമില്ലാത്തതിനാല്‍ തന്‍റെ പഴകിയ ജീന്‍സ് കൃഷിക്കായി ഉപയോഗിച്ചു. ഒപ്പം പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന കൃഷി രീതി അവലംബിക്കുകയെന്ന ഉദേശം കൂടിയുണ്ടായിരുന്നു ഈ കുട്ടി കര്‍ഷകന്.
സ്കൂളില്‍ നിന്ന് വീട്ടിലെത്തിയാല്‍ അഭിനവിന് ശ്രദ്ധ കൃഷിയിലാണ്. ആദ്യം വീട്ടുകാര്‍ കാര്യമാക്കിയരുന്നില്ലെങ്കിലും കോവിഡ് കാലത്ത് വീടിന്‍റെ മുറ്റം പച്ചക്കറിയും, വാഴകളും ഒക്കെയായുള്ള ഒരു ചെറു തോട്ടമാക്കി മാറ്റി. ഇതോടെ വീട്ടുകാരും കുട്ടി കര്‍ഷകന് പൂര്‍ണ പിന്തുണ നല്‍കി.ലവീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പ് ഉടമസ്ഥന്‍ അഭിനവിന് കൃഷിക്കായി നല്‍കിയിട്ടുണ്ട്. കരുമാലൂര്‍ പഞ്ചായത്തും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അഭിനവിന് നല്‍കുന്നത് പൂര്‍ണ പിന്തുണയാണ്. കൃഷിയോടുള്ള അടങ്ങാത്ത അഭിരുചിയാണ് ഈ കുട്ടി കര്‍ഷകനെ വ്യത്യസ്തനാക്കുന്നത്.