നിരാഹാരമിരുന്ന വൈദീകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയതിനെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്സ് ഹൗസിൽ സംഘർഷം. വൈദികർക്ക് പിന്തുണയുമായെത്തിയ വിശ്വാസികൾ പൊലീസിനെതിരെ വൻ പ്രതിഷേധമുയർത്തി. ബിഷപ്സ് ഹൗസിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തപ്പോൾ വൈദികർക്കെതിരായ നടപടി എന്തിനെന്ന് പൊലീസ് വിശദീകരിക്കാതെ സമവായമില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി.
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ബിഷപ്പ് ഹൗസിൽ നിരാഹാരമിരുന്ന് 21 വൈദികർക്കെതിരായ പൊലീസ് നടപടി. ബിഷപ്പ് ഹൗസിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം. വൈദികരെ തൂക്കിയെടുത്ത പൊലീസ് സമീപത്തെ സെന്റ് മേരീസ് ബസിലിക്കയിൽ എത്തിച്ചു. ഇതറിഞ്ഞ് ബസിലികയ്ക്ക് പുറത്ത് വിശ്വാസികളും സംഘടിച്ചു. ആദ്യം എസിപിക്ക് നേരെയും പിന്നീട് സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം.
പൊലീസിന്റേത് സർക്കാർ ഒത്താശയോടെയുള്ള നരനായാട്ടെന്ന് ആരോപിച്ച വൈദികർ സമവായം രണ്ടിലൊന്ന് അറിഞ്ഞശേഷമെന്ന് നിലപാടെടുത്തു. ആരോപണങ്ങൾ എസിപി തള്ളി. ഉച്ചയോടെ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ പ്രകടനം സംഘർഷത്തിന്റെ വക്കോളമെത്തി. ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധക്കാരും പൊലീസും നേർക്കുനേർ.
ബിഷപ്പ് ഹൗസിൽ നിന്ന് നീക്കിയ വൈദികർ സെന്റ് മേരീസ് ബസിലിക്കയിൽ തുടരുകയാണ്. സംഘർഷാവസ്ഥക്ക് അയവ് വന്നെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.