2019ലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ മലപ്പുറം നിലമ്പൂര്‍ കരുളായിലെ 74 ആദിവാസി കുടുംബങ്ങളുടെ സ്ഥിതി വളരെ ദയനീയമാണിന്നും. കരിമ്പുഴയുടെ തീരത്തെ മുണ്ടക്കടവ്, പുലിമുണ്ട കോളനികള്‍ താമസയോഗ്യമല്ലെന്ന് കണ്ടെത്തിയെങ്കിലും പകരം വനഭൂമി കണ്ടെത്തി ഇതുവരേയും കൈമാറിയിട്ടില്ല. കടുവയേയും കാട്ടാനയേയും ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന വനത്തിനുളളില്‍ പിഞ്ചു കുട്ടികളേയുമായുളള ആദിവാസി കുടുംബങ്ങളുടെ ജീവിതം വെല്ലുവിളിയാണ്.
ഉരുള്‍പൊട്ടലിനു പിന്നാലെ കുതിച്ചെത്തിയ വെളളത്തില്‍ നിന്ന് രക്ഷനേടി ഈ കുടിലുകളിലേക്ക് മാറിയവരാണ് 74 കുടുംബങ്ങള്‍. അന്നു മുതല്‍ ഇന്നു വരെ പുലിമുണ്ടയില്‍ 36 ഉം മുണ്ടക്കടവില്‍ 38 കുടുംബങ്ങളും ഈ പ്ലാസ്റ്റിക് ഷീറ്റിനു താഴെയാണ് താമസിക്കുന്നത്. കൊടും കാടിനുളളില്‍ വന്യമൃഗങ്ങള്‍ക്കു നടുവില്‍ ഒട്ടും സുരക്ഷയില്ലാതെയാണ് കോളനിക്കാരുടെ ജീവിതം. ജനപ്രതിനിധികളും ഒൗദ്യോഗിക സംവിധാനങ്ങളും അല്‍പം കൂടി ആത്മര്‍ഥമായ സമീപനം കൈക്കൊണ്ടാല്‍ ആറാം വാര്‍ഷകത്തിന് മുന്‍പെങ്കിലും ഇവര്‍ക്ക് സ്വന്തം ഭൂമി നല്‍കാനാവും.