വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെത്തുന്ന അദ്ദേഹം റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും. തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളും ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെയും സന്ദര്‍ശിക്കും. ചെളിക്കൂനയില്‍പ്പെട്ട അരുണിനെയും നട്ടെല്ലിന് പരുക്കേറ്റ അനിലിനെയും മാതാപിതാക്കളേയും സഹോദരനേയും നഷ്ടപ്പെട്ട അവന്തികയേയും ഒഡീഷക്കാരി സുഹൃതിയെയും അദ്ദേഹം കാണും.
തീവ്രദുരന്തമായി കണ്ട് L3 വിഭാഗത്തിൽ ഉൾപ്പെടുത്തി വയനാടിന് ധനസഹായം അനുവദിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വയ്ക്കും. 2000 കോടിയുടെ സഹായമാണ് കേരളം പ്രതീക്ഷിക്കുന്നത്. വൈകീട്ട് മൂന്നിന് കണ്ണൂർ വഴിയാണ് പ്രധാനമന്ത്രിയുടെ മടക്കം.