കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലുണ്ടായ വലിയ ഉരുള്‍പ്പൊട്ടലുകളില്‍ അതിജീവനം ഇഴഞ്ഞു നീങ്ങുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പുനസ്ഥാപിക്കാത്ത ഗതാഗതസംവിധാനങ്ങള്‍. 44 പാലങ്ങള്‍ തകര്‍ന്ന ദുരിതബാധിത പ്രദേശത്ത് നാലെണ്ണം പോലും ശരിയാക്കാന്‍ വാഗദാനപ്പെരുമഴ നടത്തിയവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ നാട്ടുകാര്‍തന്നെ പണിത നടപ്പാലങ്ങളില്‍ അതിജീവനം ഇഴയുമ്പോള്‍ വെറുതേ നോക്കി നില്‍ക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍.
നാടിനെ ഞെട്ടിച്ച ദുരന്തം പെയ്തിറങ്ങിയിട്ട് മൂന്നുകൊല്ലമായിട്ടും കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരു ചെറിയ പാലത്തിന്റെ നിര്‍മാണം പോലും അധികൃതര്‍ക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ നാട്ടുകാരന്‍ നജീബ് രംഗത്തിറങ്ങി സ്വന്തം ചെലവില്‍ പാലം പണിത് നാട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു.
ഏന്തയാര്‍ മുക്കുളം പാലത്തിന്റെ മാത്രം സ്ഥിതിയല്ല ഇത്, ഉരുള്‍പൊട്ടല്‍ സമയത്ത് ബലക്ഷയമുണ്ടായ ഇളങ്കാട് നിന്ന് വാഗമണ്ണിലേക്കുള്ള പാലം പൊളിച്ചിട്ടിട്ട് ആറുമാസമായി. തൊട്ടപ്പുറത്ത് കരാറുകാരന്‍ പണിതിട്ട നടപ്പാലമാണ് ഏക ആശ്വാസം. ഇനി എത്രകാലം കാത്തിരിക്കണം ജീവിതം പഴയപടിയാകാന്‍ കൂട്ടിക്കല്‍ നിവാസികാളുടെ ചോദ്യത്തിന് മറുപടി നല്‍കേണ്ടത് വാഗ്ദാനങ്ങള്‍ ആവശ്യത്തിലധികം കൊടുത്തവരാണ്.