മുണ്ടക്കൈ ദുരന്തം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴും ചാലിയാറിൽ ഒഴുകി മൃതദേഹങ്ങൾ. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെ നടത്തിയ തിരച്ചിലിൽ മൃതദേഹവും തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് സന്നദ്ധപ്രവർത്തകരെ ഒഴിവാക്കി സൈന്യവും മറ്റ് സേനാവിഭാഗങ്ങളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.  

കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചതോടെയാണ് ചാലിയാറിലേക്ക് തിരച്ചിൽ കേന്ദ്രീകരിച്ചത്. വയനാട്ടിലെ സൂചിപ്പാറ മുതൽ മലപ്പുറം ജില്ലയിലെ മുണ്ടേരിഫാം വരെയുള്ള പ്രദേശം അഞ്ച് സോണുകളായി തിരിച്ചായിരുന്നു പരിശോധന. സൈന്യം, എസ്ഒജി കമാൻഡോസ് ഉൾപ്പെടുന്ന 26അംഗ സംഘം സൂചിപ്പാറ മുതൽ പരപ്പൻപാറ വരെ തിരച്ചിൽ നടത്തി. ദുർഘടമായ പ്രദേശത്ത് വ്യോമസേന ഹെലികോപ്ടറുകളുടെ സഹായത്തോടെ ദൗത്യസംഘാംഗങ്ങളെ ഇറക്കിയായിരുന്നു തിരച്ചിൽ. 

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് തലയോട്ടിയും ഒരു ശരീരഭാഗവും ലഭിച്ചത്. ഇവിടെ കൂടുതൽ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ദൗത്യ സംഘം ചൂണ്ടിക്കാട്ടുന്നു. 

എൻ ഡി ആർ എഫ്, വനം വകുപ്പ് , പൊലീസ്, തണ്ടർബോൾട്ട് ,  ഫയർഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം വനം കേന്ദ്രീകരിചും.  മറ്റൊരു സംഘം പുഴയിലുമനു തിരച്ചിൽ നടത്തിയത്. ചാലിയാറിൽ നിന്ന് ഇതുവരെ 247 മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. വരുംദിവസങ്ങളിലും ഓപ്പറേഷൻ ചാലിയാർ തുടരാനാണ് തീരുമാനം. 

ENGLISH SUMMARY:

Wayanad Landslides: Dead bodies floated in Chaliyar