പതിനാലാം ദിനം ഉരുൾ തകർത്ത വീട്ടിലെത്തിയ അഹമ്മദ് ഷമ്മാസ് കണ്ടത് വീട്ടിൽ അവശേഷിച്ച വിലപിടിച്ചതൊക്കെയും കള്ളന്മാർ കൊണ്ടുപോയതാണ്. തിരച്ചിലിനൊടുവിൽ പ്രിയപ്പെട്ട ബ്ലാക്ക് ബെൽറ്റും നോട്ട് ബുക്കും തിരിച്ചു കിട്ടിയതോടെ വലിയ നഷ്ടങ്ങൾ മറന്ന് അവൻ ചിരിച്ചു.
തിരഞ്ഞു തിരഞ്ഞ് എന്തൊക്കെയോ പെറുക്കിക്കൂട്ടുകയാണ് പത്താം ക്ലാസുകാരൻ. അഹമ്മദ് ഷമ്മാസ് തപ്പിയെടുത്തതൊക്കെ കൂട്ടി വച്ചപ്പോൾ അതവന്‍റെ പ്രിയപ്പെട്ട സൈക്കിളിന്‍റെ ഒരു ഭാഗമായി. പിന്നെ ഹെൽമെറ്റ് കണ്ടു പിടിച്ചു. വീണ്ടും ആ കണ്ണുകൾ എന്തിനോ വേണ്ടി പരതി നടന്നു ' ഒടുവിൽ കണ്ടു കിട്ടി. മണ്ണിൽ പുതഞ്ഞു കിടന്ന അവന്‍റെ എല്ലാമായ ബ്ളാക് ബെൽറ്റ്
വെള്ളാർ മല സ്കൂളിലെ ഈ മിടുക്കന് കിട്ടിയ സമ്മാനങ്ങളായിരുന്നു വീടു നിറയെ, അലമാരയിൽ അടുക്കി വെച്ച പുസ്തകങ്ങളൊക്കെയും മുറ്റത്ത് ചിതറിക്കിടപ്പുണ്ട്. അകമുറിയിൽ അതിലും വലിയ സങ്കട കാഴ്ച കാത്തിരിപ്പുണ്ടായിരുന്നു. വീട്ടുകാരെല്ലാം ഗുരുതര പരുക്കേറ്റ് ചികിൽസയിലായിരുന്നതിനാലും ചെളിയിൽ പുതഞ്ഞു കിടന്നതിനാലും മാറ്റാൻ കഴിയാതിരുന്ന അലമാര ആരോ കുത്തിത്തുറന്നു. സ്വർണവും പണവും കവർന്നു. തൊട്ടുതലേ ദിവസം അലമാര തുറക്കാൻ കഴിയുമോയെന്നറിയാൻ ബന്ധുക്കൾ എത്തിയിരുന്നു. ഒരു രാത്രിക്കപ്പുറം സന്നദ്ധ പ്രവർത്തകരെ കൂട്ടിയെത്തിപ്പോൾ എല്ലാം നഷ്ടപ്പെട്ടിരുന്നു.