TOPICS COVERED

വടകര ലോക്സഭ തിരഞ്ഞെടുപ്പിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഇടത് സൈബർ ഗ്രൂപ്പുകളെ പ്രതിരോധത്തിലാക്കി ഹൈക്കോടതിയിൽ പൊലീസിന്റെ റിപ്പോർട്ട്. സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിൽ ആണെന്നാണ് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചത്. പോരാളി ഷാജിയുടെ അഡ്മിൻ വഹാബിന്‍റേത് ഉൾപ്പെടെ നാല് മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചെന്നും പൊലീസ് റിപ്പോർട്ട് നൽകി.

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ വിശദാന്വേഷണം വേണമെന്ന തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് മുഹമ്മദ് ഖാസിമിന്റെ ഹർജിയിലാണ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിലും പേജുകളിലുമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.13ന് റിബേഷ് എന്നയാളാണ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടത്. സ്ക്രീൻ ഷോട്ട് എവിടെ നിന്ന് ലഭിച്ചു എന്നത് റിബേഷ് വ്യക്തമാക്കിയിട്ടില്ല. സ്ക്രീൻഷോട്ട് ഇയാൾ തന്നെ നിർമിച്ചതാണോ അതോ മറ്റെവിടെ നിന്നെങ്കിലും ലഭിച്ചതാണോ എന്നറിയാൻ ഫോൺ പിടിച്ചെടുത്ത് ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

സ്ക്രീൻഷോട്ട് രണ്ടാമത് വന്നത് റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ. അന്നേദിവസം ഉച്ചയ്ക്ക് 2.34 ന് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത് അമൽറാം എന്നയാൾ. ഇതിനുശേഷം അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് എത്തി. പേജിന്റെ അഡ്മിനായ മനീഷാണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് രാത്രി 8.23നാണ് പോരാളി ഷാജി എന്ന പേജിൽ സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെടുന്നത്. പലയിടത്തുനിന്നും വാട്സാപ്പിൽ ലഭിച്ച സ്ക്രീൻഷോട്ട്  പോസ്റ്റ് ചെയ്തു എന്നാണ് പോരാളി ഷാജിയുടെ അഡ്മിൻ വഹാബ് മൊഴി നൽകിയത്. എന്നാൽ സ്ക്രീൻ ഷോട്ടിന്‍റെ ഉറവിടം വെളിപ്പെടുത്താൻ വഹാബും തയ്യാറായില്ല. ഇയാളുടേതടക്കം  4 ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസിൽ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുന്നുവെന്നും വടകര പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് ഈ മാസം 21ന് കോടതി പരിഗണിക്കും.