വയനാട് ദുരന്തത്തിന്‍റെ പതിനഞ്ചാംനാളില്‍ ചാലിയാറിൽ നടത്തിയ ജനകീയ തിരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. പുഴയുടെ ആഴമേറിയ ഭാഗങ്ങളിൽ സ്കൂബ സംഘത്തിന്‍റെ സഹായത്തോടെയുള്ള തിരച്ചിലും ആരംഭിച്ചു.
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയ മുണ്ടേരി കുമ്പളപ്പാറ, തലപ്പാലി ഭാഗങ്ങളിൽ നിന്നാണ് 2 മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. എൻ ഡിആർ എഫ്, അഗ്നി രക്ഷാസേന, വനം - പൊലീസ് സേനകളും സന്നദ്ധ പ്രവർത്തകരും ആദിവാസി ഊരുകാരുടെ കൂടി സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. ഇരുട്ടുകുത്തി മുതൽ താഴേക്കും തിരച്ചിൽ നടന്നു. പുഴയ്ക്ക് ഏറെ ആഴമുള്ള പൂക്കോട്ടുമണ്ണ, മമ്പാട് ബീമ്പുങ്ങൽ റഗുലേറ്ററുകളുടെ പരിസരങ്ങളിൽ സ്കൂബി ടീമിൻ്റെ സഹായത്തോടെ മുങ്ങിയുള്ള തിരച്ചിലും ആരംഭിച്ചു.
ചൂരൽ മലയിലും മുണ്ടക്കൈയിലും നടത്തിയ തിരച്ചിലിലും ശരീരഭാഗം കണ്ടെത്തി. വിവിധ സേന വിഭാഗങ്ങളുടെ നേതൃത്വത്തിൽ 200 ൽ അധികം സന്നദ്ധ പ്രവർത്തകരാണ് തിരച്ചിൽ നടത്തുന്നത്.