tiruvalla

തിരുവല്ല മല്ലപ്പള്ളിയില്‍ പൈപ്പ് നന്നാക്കാനെടുത്ത കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരിക്ക് പരിക്ക്. മുഖത്ത് ഗുരുതരമായി പരുക്കേറ്റ മല്ലപ്പള്ളി സ്വദേശിനി സൗമ്യ എലിസബത്ത് ഷാജനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നതറിഞ്ഞതോടെ അധികൃതരെത്തി കുഴിയടച്ചു.

പൈപ്പിലെ തകരാര്‍ പരിഹരിക്കുന്നതിനായി ആഴ്ചകള്‍ക്ക് മുന്‍പാണ് തിരുവല്ല റോഡിലെ സെന്‍ട്രല്‍ ജങ്ഷന് സമീപം കുഴിയെടുത്തത്. എന്നാല്‍ പൈപ്പിന്‍റെ അറ്റകുറ്റപ്പണി കഴിഞ്ഞിട്ടും അധികൃതര്‍ കുഴിയടച്ചില്ല. സ്വകാര്യ ബാങ്ക് മാനേജരായി ജോലിചെയ്യുന്ന സൗമ്യ തിങ്കളാഴ്ച ജോലി കഴിഞ്ഞ് റോഡിന്‍റെ വശത്തുകൂടി നടന്നുപോകുമ്പോള്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. വായ്ക്കകത്തും മോണയിലും ചുണ്ടിലുമായി ഒന്‍പത് തുന്നലുകളുണ്ട്. രണ്ടുപല്ലുകള്‍ ഒടിഞ്ഞു. മൂക്കിനും നെറ്റിക്കും പരിക്കുണ്ട്.

അടുത്തടുത്തായി അഞ്ചിലേറെ കുഴികളാണുണ്ടായിരുന്നത്. ശക്തമായ മഴയില്‍ മണ്ണൊലിച്ചുപോയി കുഴിയുടെ വ്യാപ്തിയും വര്‍ധിച്ചിരുന്നു. അപക‌ടം നടന്നതറിഞ്ഞ് അധികൃതരെത്തി കുഴികളടച്ചു.

ENGLISH SUMMARY:

A pedestrian was injured after falling into a pit dug for pipe repair