പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെയും പ്രതിയെയും കൗൺസിലിങ്ങിന് അയച്ച് ഹൈക്കോടതി. കൗൺസിലറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരുവരും ഒരുമിച്ച് ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തടസ്സം നിൽക്കില്ലെന്ന് സർക്കാർ അറിയിച്ചു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കണമെന്ന പ്രതി രാഹുൽ. പി.ഗോപാലിന്റെ ഹർജിയിൽ പരാതിക്കാരിയും ഹർജിക്കാരനും ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രാഹുലും പരാതിക്കാരിയും ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത്. ആരുടെയും നിർബന്ധത്തിലല്ല കേസിൽ നിന്നും പിന്മാറുന്നതെന്നും രാഹുലുമായി ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. തുടർന്നാണ് ഇരുവരെയും കൗൺസിലിങ്ങിന് അയക്കാൻ കോടതി തീരുമാനിച്ചത്.
കൗണ്‍സലിംഗിന് ശേഷം മുദ്രവച്ച കവറിൽ റിപ്പോർട്ട് ഹാജരാക്കണം. ഇത് പരിശോധിച്ച് ശേഷം ഗാര്‍ഹിക പീഡന കേസ് റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കാം എന്ന് ഹൈക്കോടതി പറഞ്ഞു. രാഹുലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവമേറിയതാണ്. എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുത്. ഇരുവരുടെയും സമാധാനപരമായ വിവാഹ ജീവിതത്തിനായാണ് നിലപാടെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ വ്യക്തമാക്കി. ഇരുവരും ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ തടസ്സമാകില്ലെന്നാണ് സർക്കാർ നിലപാടെടുത്തത്.