ഒറ്റരാത്രികൊണ്ട് മലവെള്ളപ്പാച്ചിൽ കൊണ്ടുപോയത് നൂറുകണക്കിന് സാധാരണക്കാരായ മനുഷ്യരുടെ സ്വപ്നങ്ങളാണ്. ഒരു ജീവിതകാലമത്രയും ഉറുമ്പിനെ പോലെ കൂട്ടി വെച്ചത് ഒന്നും ബാക്കിയില്ല എന്നറിയുമ്പോൾ മരവിപ്പാണ് എല്ലാവരുടെയും മനസ്സിൽ. അതിൽ ഒരാളാണ് ചൂരൽമല പാടിയിലെ താമസക്കാരിയായിരുന്ന സന്ധ്യ.
ആ ദുരന്ത രാത്രിക്ക് ശേഷം അവർ ആദ്യമായാണ് ചൂരൽ മലയിലേക്ക് എത്തിയത്. മൂന്നു കുട്ടികളുമായി. പുഴയോരത്തെ പാടിയിൽ ആയിരുന്നു താമസം. അട്ടമലയിൽ ഭർത്താവിന് ജോലി ലഭിച്ചതോടെയാണ് മാനന്തവാടിയിൽ നിന്ന് എട്ടുമാസം മുമ്പ് ഇവർ ചൂരൽ മലയിൽ എത്തിയത്.
ഭർത്താവ് ഉരുൾപൊട്ടലിൽ മരിച്ചു. അതിനിടെ അയൽവാസിയായ റഹീമയും അവിടെ എത്തി. ഇതോടെ ഇരുവർക്കും സങ്കടം അണപൊട്ടി.
മൂന്നു മക്കളാണ് സന്ധ്യയ്ക്ക്. പതിനാലും ഏഴും വയസ്സുള്ള രണ്ട് പെൺകുട്ടികളും രണ്ടര വയസ്സുള്ള ആൺകുട്ടിയും. മക്കളെയും കൂട്ടി ആ രാത്രി കഴിച്ചുകൂട്ടിയത് ഓർക്കുമ്പോൾ തന്നെ ശബ്ദം ഇടറും. മക്കളെയും കൂട്ടി എങ്ങോട്ടെന്നില്ലാതെ ചൂരൽ മലയിൽ നിന്ന് ഇറങ്ങുകയാണ്. ക്യാംപ് കഴിഞ്ഞാൽ എങ്ങോട്ട് പോകണമെന്ന് അറിയില്ല. ഒപ്പം ഉണ്ടാകുമെന്ന സർക്കാരിന്‍റെ ഉറപ്പിലും സുമനസുകളുടെ കനിവിലും ആണ് പ്രതീക്ഷ.