വയനാട്ടിലുണ്ടായ തീവ്രമഴയ്ക്കു കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ ഗ്രൂപ്പിന്‍റെ പഠന റിപ്പോര്‍ട്ട്. ആഗോള താപനില ഇനിയും ഉയര്‍ന്നാല്‍ സമാനദുരന്തങ്ങള്‍ ആവര്‍ത്തിക്കാമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. വയനാട് ദുരന്തത്തെക്കുറിച്ചുള്ള ആദ്യ രാജ്യാന്തര പഠന റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വയനാട്ടിലേത് 50 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന അതിതീവ്ര ദുരന്തമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു
വയനാട് ദുരന്തം ഉണ്ടായ ശേഷം പുറത്തുവരുന്ന ആദ്യശാസ്ത്രീയ പഠന റിപ്പോര്‍ട്ടാണ് വേള്‍ഡ് വെതര്‍ ആറ്റ്ട്രീബ്യൂഷനും ലണ്ടനിലെ ഇംപീരിയല്‍കോളജിന്‍റെ കാലാവസ്ഥാ പഠന വകുപ്പും ചേര്‍ന്ന് പുറത്തിറക്കിയിരിക്കുന്നത്. ജൂലൈ 28 നും 29 നും ലഭിച്ച അതി തീവ്രമാഴയാണ് മുണ്ടകൈ,ചൂരല്‍മല പ്രദേശത്തെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടലിന് വഴിവെച്ചതെന്ന് പഠനം പറയുന്നു. 50 വര്‍ഷത്തിലൊരിക്കല്‍മാത്രം സംഭവിക്കാനിടയുള്ള തീവ്രപ്രകൃതി ദുരന്തമാണ് വയാനാട്ടിലുണ്ടായത്.
ദിവസങ്ങളായി മഴ പെയ്ത് നനഞ്ഞു കുതിര്‍ന്ന മലഞ്ചെരുവിലേക്ക് 48 മണിക്കൂറില്‍ അതി തീവ്രമഴ പെയ്തിറങ്ങിയതോടെ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമായി. 1924 നും 2019 നും ശേഷം ഒരുദിവസം ഏറ്റവും കൂടുതല്‍മഴ രേഖപ്പെടുത്തിയ ദിവസമാണ് ഈ വര്‍ഷത്തെ ജൂലൈ 29. കഴിഞ്ഞ 45 വര്‍ഷത്തിനിടെ കുറഞ്ഞ സമയത്തില്‍ തീവ്രമഴ ഉണ്ടാകുന്നത് 17 ശതമാനം വര്‍ധിച്ചുവെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത് . ആഗോളതാപനില 1.3 ഡിഗ്രി സെല്‍സ്യസ് വര്‍ധിച്ചപ്പോള്‍ മഴയുടെ തീവ്രത 10 ശതമാനത്തോളമാണ് കൂടിയത്. വനാവരണം 62 ശതമാനത്തോളം കുറഞ്ഞതും ക്വാറികളുടെ വര്‍ധനയും വയനാടിനെ കേരളത്തിലെ ഏറ്റവും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായിമാറ്റിയെന്നും പഠനം പറയുന്നു. ഇംഗ്്ളണ്ട്, സ്വീഡന്‍, അമേരിക്ക, ഇന്ത്യ എന്നീരാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ശാസ്ത്രസ്ഥാപനങ്ങളും ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.