ജനാധിപത്യം ഉറപ്പുവരുത്തേണ്ടതിന്‍റെ ഒാര്‍മ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 78 വര്‍ഷം ഇന്ത്യ ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിച്ചു നിര്‍ത്തി. നമുക്കൊപ്പം സ്വാതന്ത്ര്യംകിട്ടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. ജാതീയതയും വര്‍ഗീയതയും ആയുധമാക്കുന്നത് മതനിരപേക്ഷതയെ അപകടത്തിലാക്കും. വ്യത്യസ്ത മേഖലകളില്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ നവകേരള നിര്‍മാണത്തിന് മുതല്‍കൂട്ടാകും.
ശാസ്ത്ര–സാങ്കേതിക രംഗങ്ങളിലെ നേട്ടം പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ക്ക് ഗുണമാകുന്നില്ല. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. പല രാജ്യങ്ങളും ഇങ്ങനെ ചെയ്യുന്നുണ്ട്, നമ്മുടെ രാജ്യവും ആ നിലയിലേക്ക് ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ സായുധ സേന വിഭാഗങ്ങളില്‍ നിന്നും എന്‍.സി.സി, സക്ൗട്സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവരില്‍ നിന്നും മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു.
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പുരോഗമിക്കുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ സല്യൂട്ട് സ്വീകരിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് മന്ത്രി വി ശിവന്‍കുട്ടി ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പൊലീസ്, എക്സൈസ് സേനകള്‍ പരേഡിന്റെ ഭാഗമായി. ജനപ്രതിനിധികളും , ജില്ലാ കലക്ടറും, ജില്ലാ, റൂറല്‍ പൊലീസ് മേധാവികളും പങ്കെടുത്തു. പത്തനംതിട്ടയില്‍ കാതോലിക്കറ്റ് കോളജ് ഗ്രൗണ്ടില്‍ മന്ത്രി വീണ ജോര്‍ജ് ദേശീയപതാക ഉയര്‍ത്തി. ആലപ്പുഴയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മന്ത്രി സജിചെറിയാന്‍ നേതൃത്വം നല്‍കി.
ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി.പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എറണാകുളത്ത കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പതാക ഉയർത്തി. ജില്ലാ കലക്ടർ ജോൺ വി സാമുവൽ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട്ട് മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്യദിന സന്ദേശം നല്‍കി
കോഴിക്കോട് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ മന്ത്രി ദേശീയപതാക ഉയർത്തി. കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേശീയ പതാക ഉയർത്തി
കൊച്ചിയിലെ ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ സതേൺ നേവൽ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ വി.എസ്.ശ്രീനിവാസ് സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യ ദിനം രാജ്യത്തിനുവേണ്ടി ജീവൻ നഷ്ടപ്പെടുത്തിയവരെ ഓർമിക്കുന്നത് കൂടിയാവണമെന്ന് വി എസ് ശ്രീനിവാസ് പറഞ്ഞു. നാവികസേന ആസ്ഥാനത്തെ വാർ മെമ്മോറിയലിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരവായി റീത്ത് സമർപിച്ചു.