തൃശൂര്‍ പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍ നിന്ന് ആളുകള്‍ക്ക് കാണാന്‍ പാകത്തില്‍ നിയമസംവിധാനം പൊളിച്ചെഴുതാന്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ശ്രമം തുടങ്ങി. ഇതിന്റെ പ്രാരംഭഘട്ടമായി പെസോയുടെ ഉദ്യോഗസ്ഥരെ തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനത്തേയ്ക്കു വിളിച്ചുവരുത്തി വീണ്ടും സ്ഥലം അളന്നു. നൂറു മീറ്റര്‍ അകലെ നിന്ന് ആളുകള്‍ വെടിക്കെട്ട് കാണണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
തൃശൂര്‍ പൂരം വെടിക്കെട്ട് പഴയപോലെ ആസ്വദിച്ചു കാണാന്‍ കൂടുതല്‍ ആളുകള്‍ക്ക് നിലവിലെ നിയമസംവിധാനം അനുസരിച്ച് പറ്റില്ല. പെസോയുടെ സുരക്ഷാ നിര്‍ദ്ദേശം ഒരുവശത്തുണ്ട്. ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മറുവശത്തും. ആദ്യം പെസോയുടെ നിര്‍ദ്ദേശങ്ങള്‍ പൊളിച്ചെഴുതണം. അതിനു വേണ്ടിയാണ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഈ ഉദ്യോഗസ്ഥരെ തൃശൂരിലേക്ക് വിളിച്ചു വരുത്തിയത്. പെസോയുടെ നിര്‍ദ്ദേശങ്ങള്‍ പുതുക്കി അത് ഹൈക്കോടതിയെ അറിയിക്കുകയാണ് അടുത്ത കടമ്പ. സുരക്ഷ മുന്‍നിര്‍ത്തിതന്നെ എങ്ങനെ സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് പഴയപോലെ ആസ്വദിക്കാമെന്നതാണ് ചര്‍ച്ച. അടുത്ത പൂരത്തിനു മുമ്പ് ഇതു നടപ്പാക്കണമെങ്കില്‍ ഇപ്പോഴേ, നിയമപരമായ നടപടികള്‍ തുടങ്ങും. ഈ വിഷയത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ല. ഇനിയും നാല് യോഗങ്ങള്‍കൂടി വിളിക്കേണ്ടി വരുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനേയും കമ്മിഷണര്‍ ആര്‍. ഇളങ്കോയേയും പങ്കെടുപ്പിച്ച് ആദ്യം കലക്ടറേറ്റില്‍ യോഗം നടത്തി. പെസോ ഉദ്യോഗസ്ഥരും ഈ യോഗത്തിനെത്തി. പിന്നീട് ഉദ്യോഗസ്ഥരുമായി തേക്കിന്‍ക്കാട് മൈതാനത്ത് എത്തി. വെടിക്കെട്ട് സ്ഥലവും ആളുകള്‍ നില്‍ക്കുന്ന ഇടവും തമ്മില്‍ അളന്ന് തിട്ടപ്പെടുത്തി. ഇരുപത്തിനാലു മണിക്കൂറിനകം പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ പെസോ ഉദ്യോഗസ്ഥര്‍ക്ക് സുരേഷ് ഗോപി നിര്‍ദ്ദേശം നല്‍കി.