തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന എഡിജിപിയുടെ റിപ്പോര്‍ട്ടിനെ എതിരെ തിരുവമ്പാടി ദേവസ്വം. എഡിജിപിയുടെ വീഴ്ച മറയ്ക്കാന്‍ ശ്രമമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാര്‍. പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം. ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിന്‍റെ മേല്‍ വച്ചുകെട്ടാന്‍ നീക്കമെന്നും ദേവസ്വത്തില്‍ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും ഗിരീഷ്കുമാര്‍.
എഡിജിപിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് ഒരു ദേശത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത്. ചില വ്യക്തികള്‍ രാഷ്ട്രീയമായി പ്രവര്‍ത്തിച്ചുവെന്നും സുനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. Also Read: പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം തിരഞ്ഞെടുപ്പ്; എഡിജിപിയുടെ റിപ്പോര്‍ട്ട്
തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി അജിത് കുമാറിന്‍റെ റിപ്പോര്‍ട്ട്. പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം മുൻകൂട്ടി തീരുമാനം എടുത്തിരുന്നു.സുന്ദർ മേനോൻ, ഗിരീഷ് കുമാര്‍, വിജയമേനോൻ, ഉണ്ണികൃഷ്ണൻ, രവി എന്നിവർ ഇതിനായി പ്രവര്‍ത്തിച്ചു. മുൻ നിശ്ചയിച്ച പ്രകാരം പൂരം നിർത്തി വച്ചതായി ഇവർ പ്രഖ്യാപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സർക്കാരിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം.
തിരുവമ്പാടി പൂരം കലക്കിയത് തൽപരകക്ഷികളുടെ താൽപര്യപ്രകാരമെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ടെങ്കിലും ബി.ജെ.പിയെ കുറിച്ച് പരാമര്‍ശമില്ല. വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തു വിടാതിരുന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്തുവിട്ടു.