ലോട്ടറി വില്‍പനക്കാരനായ ശിവന്‍റെ ശരീരത്തില്‍ തോമസ് വര്‍ഗീസിന്റെ ഹൃദയം മിടിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട്. ശിവന് പുതുജീവന്‍ നല്‍കിയ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പത്താം വാര്‍ഷികത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സന്തോഷം പങ്കിടാനെത്തി.
പെരുമ്പാവൂര്‍ പടിക്കല്‍പ്പാറ സ്വദേശിയായ ശിവന് ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു. ലിസി ആശുപത്രിയില്‍ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപുറത്തിന്‍റെ അടുത്തേയ്ക്ക് ചികില്‍സ തേടിയെത്തി. അതിജീവനത്തിന് ഏകപോംവഴി ഹൃദയം മാറ്റിവയ്ക്കുക. സര്‍ക്കാര്‍ സംവിധാനത്തില്‍ പേര് റജിസ്റ്റര്‍ ചെയ്തു. മസ്തിഷ്ക മരണം സംഭവിച്ച് ഇടുക്കി സ്വദേശി തോമസ് വര്‍ഗീസിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കല്‍ തീരുമാനിച്ചത് ശിവനു മുന്നില്‍ പ്രതീക്ഷയുടെ വെളിച്ചമായി. വിജയകരമായ ശസ്ത്രക്രിയ. ഉപജീവനത്തിന് ലോട്ടറി കച്ചവടം നടത്തുകയാണ് ശിവന്‍ ഇപ്പോള്‍.
ആ ശസ്ത്രക്രിയയുടെ പത്താം വര്‍ഷത്തില്‍ ലിസി ആശുപത്രിയില്‍ ഒത്തുകൂടി സന്തോഷം പങ്കിട്ടു. ലോട്ടറി വകുപ്പിന്‍റെ ചുമതല കൂടിയുള്ള മന്ത്രി കെ.എന്‍ ബാലഗോപാലുമെത്തി. അവയവങ്ങള്‍ ദാനം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപുറം ആവശ്യപ്പെട്ടു. അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയരാകുന്നവരുടെ തുടര്‍ ചികില്‍സയ്ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.