കേരളത്തെ നടുക്കിയ മുണ്ടക്കയം സ്വദേശി ജെസ്നയുടെ തിരോധാനത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കാണാതെയാകുന്നതിന് രണ്ട് ദിവസം മുന്‍പ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ ഒരു യുവാവിനൊപ്പം കണ്ടെന്നും ടെസ്റ്റെഴുതാന്‍ വന്നതാണെന്നാണ് പറഞ്ഞിരുന്നതെന്നും വെളിപ്പെടുത്തി ലോഡ്ജിലെ താമസക്കാരി. പത്രത്തില്‍ അടുത്ത ദിവസം പടം കണ്ടാണ് ജെസ്നയാണെന്ന് തിരിച്ചറിഞ്ഞതെന്നും ഉടന്‍ തന്നെ ലോഡ്ജുടമയെ വിവരമറിയിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ പറയുന്നു. വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനാണ് ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു. അതേസമയം ചെറുപ്പക്കാരനെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘകാലം ലോഡ്ജിലെ താമസക്കാരിയായിരുന്ന സ്ത്രീയുടെ വാക്കുകളിങ്ങനെ.. ആദ്യമായിട്ടാ ആ കൊച്ചിനെ അന്നവിടെ കണ്ടത്. അപ്പോള്‍ തന്നെ ലോഡ്ജുടമയോട് ഈ കൊച്ചെന്നാ അവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചു. അതിന് പുള്ളി എന്നോട് വഴക്കുണ്ടാക്കി. 'ലോഡ്ജാണ് പലരും വരും, പോകും.. നിനക്ക് ഇതിന്‍റെയകത്തൊന്നും ഇടപെടേണ്ട കാര്യമില്ല. ഇവിടെ നടക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ടൗണില്‍ പറഞ്ഞാല്‍ നിന്നെ തീര്‍ത്തുകളഞ്ഞാലും ചൊവ്വിനൊള്ള ആരും ചോദിക്കാനില്ല' എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി.
'വെളുത്ത് മെലിഞ്ഞൊരു ചെറുപ്പക്കാരനാണ് ജെസ്നയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ടെസ്റ്റെഴുതാന്‍ എറണാകുളത്ത് പോവുകയാണെന്നാണ് പറഞ്ഞത്. മൂന്നാല് മണിക്കൂര്‍ ലോഡ്ജില്‍ ഉണ്ടായിരുന്നു. പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിലാണ് ആ കുട്ടിയെ ഞാന്‍ കണ്ടത്. തിരിച്ച് അഞ്ചുമണിക്ക് മുന്‍പ് ഇറങ്ങിപ്പോവുകയും ചെയ്തു. ജസ്നയെ കാണുമ്പോള്‍ ഫോണില്‍ നോക്കി നില്‍ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ ചിരിച്ചു. അന്നേരമാണ് പല്ലേലെ കെട്ടുകമ്പി കണ്ടത്.' ഒരു കൊച്ച് പെണ്ണല്ലേ വന്ന് നില്‍ക്കുന്നതെന്ന് കണ്ട് ശ്രദ്ധിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ അവര്‍ വിവരം അന്വേഷിച്ചെന്നും അവരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും സ്ത്രീ പറയുന്നു. ലോഡ്ജുടമയായ ബിജുവിനെ അവര്‍ പത്തനംതിട്ട ഡിവൈഎസ്പി ഓഫിസില്‍ കൊണ്ടുപോയി ചോദ്യം ചെയ്തിരുന്നുവെന്നും അവര്‍ പറയുന്നു. 'പത്രത്തില്‍ പടം കണ്ടപ്പോഴാണ് ജെസ്നയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോള്‍ വീണ്ടും പോയി ബിജുവിനോട് 'ബിജൂ ഇത് അന്ന് വന്ന ആ കൊച്ചല്ലേ ഇതെന്ന് ചോദിച്ചു. അപ്പോള്‍ 'നിനക്ക് വേറെ പണിയൊന്നുമില്ലേ ആവശ്യമില്ലാത്തതൊന്നും പറഞ്ഞുണ്ടാക്കരു'തെന്ന് പറഞ്ഞ് പിന്നേം ഭീഷണിപ്പെടുത്തിയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോഡ്ജില്‍ നിന്ന് തന്നെ അടിച്ചിറക്കി വിട്ടതോടെയാണ് വിവരങ്ങള്‍ പുറത്ത് പറയാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.