ശബരിമല സന്നിധാനത്ത് പുതിയ കുളത്തിന് സ്ഥാനം കണ്ട് കല്ലിട്ടു. ക്ഷേത്രത്തിൻറെ വടക്കു കിഴക്കേ ഭാഗത്ത് മീനം രാശിയിലാണ് പുതിയ കുളം . അടുത്ത മണ്ഡലകാലത്തിനു മുമ്പ് നിർമാണം പൂർത്തിയാക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. കാനന ഗണപതി പ്രതിഷ്ഠക്കും സ്ഥാനം കണ്ടു.
രാവിലെ വാസ്തുവിദ്യ വിജ്ഞാനകേന്ദ്രം പ്രസിഡന്‍റ് കെ മുരളീധരൻ പുതിയ കുളത്തിന് സ്ഥാനം കണ്ടു. നടപ്പന്തലിന് പിന്നിൽ കൊപ്രാക്കളത്തിന് സമീപമാണ് പുതിയ കുളം വരിക. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് ആണ് കല്ലിട്ടത്. ഉത്തമ രാശിയിലാണ് പുതിയ കുളം വരുന്നതെന്നും നിലവിലെ ഭസ്മക്കുളം ശരിയായ സ്ഥാനത്ത് അല്ലായിരുന്നു എന്നും വാസ്തു വിദ്യാ വിദഗ്ധൻ കെ മുരളീധരൻ പറഞ്ഞു.
സന്നിധാനത്ത് മൂന്നാമത്തെ കുളം ആണ് നിർമ്മിക്കുന്നത്. ക്ഷേത്രത്തിന് വടക്കു പടിഞ്ഞാറായി കുംഭം രാശിയിൽ ആയിരുന്നു യഥാർത്ഥ ഭസ്മക്കുളം. 1987ൽ വലിയ എതിർപ്പുകൾ ഉണ്ടായിട്ടും അതിനെ അവഗണിച്ച് കുളം മൂടി മേൽപ്പാലം നിർമ്മിച്ചു. ക്ഷേത്രത്തിന്‍റെ പിൻഭാഗത്തായി ജലരാശി കണ്ടെത്തിയാണ് രണ്ടാമത്തെ ഭസ്മക്കുളം നിർമ്മിച്ചത്.