സിനിമ മേഖയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമപ്രകാരമാണ് സാംസ്കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 233 പേജുളള റിപ്പോര്‍ട്ടാണ് റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി പുറത്തുവിട്ടിരിക്കുന്നത്. പൂര്‍ണമായും ദുരൂഹതകള്‍ നിറഞ്ഞ അന്തരീക്ഷമാണ് സിനിമാ മേഖലയുടേത് എന്നു പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. അവസരം ചോദിച്ച് ഒരാള്‍ സിനിമാ മേഖലയിലെത്തിയാല്‍ ശരീരം നല്‍കേണ്ട അവസ്ഥയാണ് മലയാള സിനിമയിലുളളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ഭയമുണ്ടെന്നും തങ്ങള്‍ക്ക് മാത്രമല്ല ബന്ധുക്കളടക്കമുളളവര്‍ക്കും അപകടസാധ്യതയുണ്ടെന്നും താരങ്ങള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്നും ഈ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണ നിലനില്‍ക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയപ്പോള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും തേങ്ങിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.