കൊച്ചിയില്‍നിന്ന് വിവാഹവസ്ത്രങ്ങള്‍ വാങ്ങി മടങ്ങിയ സംഘത്തിന്‍റെ കാര്‍ കണ്ണൂർ ഉളിയിലില്‍ സ്വകാര്യബസുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഉളിയില്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. ബീനയുടെ ഭര്‍ത്താവ് തോമസിനും മകന്‍ ആല്‍ബിനും പരുക്കേറ്റു. ആല്‍ബിന്‍റെ വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങി വരുമ്പോഴാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സൂചന
തൃശൂർ ഓട്ടുപാറയിൽ KSRTC സ്വിഫ്റ്റ് ബസ്, പെട്ടി ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച് നാലു വയസുകാരി മരിച്ചു. വയറുവേദനയ്ക്ക് ഡോക്ടറെ കാണിക്കാൻ പോയ മുള്ളൂർക്കര സ്വദേശി നൂറ ഫാത്തിമയാണ് മരിച്ചത്. അച്ഛൻ ഉനൈസ് , അമ്മ റെയ്ഹാനത്ത് എന്നിവർക്ക് പരുക്കേറ്റു. ഗര്‍ഭിണിയായ റെയ്ഹാനത്തിന്റെ കാലുകൾ ഒടിഞ്ഞു. പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു അപകടം. എറണാകുളം കാലടി കൈപ്പട്ടൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മാണിക്കമംഗലം സ്വദേശി ഇരുപത്തിമൂന്നുകാരനായ അനില്‍ കുമാറാണ് മരിച്ചത്. കൊച്ചി പുനലൂര്‍ വാളക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ ശബരിമല തീർഥാടകൻ ലോറിയിടിച്ച് മരിച്ചു. ചെന്നൈ മൗലിവട്ടംസ്വദേശി മദൻകുമാർ കുമാറാണ് മരിച്ചത്. കോഴിക്കോട് മുക്കം തമ്പലമണ്ണയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് 5 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 2.30ഓടെയായിരുന്നു അപകടം. എറണാകുളം വടക്കൻ പറവൂരിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മുപ്പത് പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് വൈറ്റില ഹബിലേക്ക് വരികയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾക്ക് ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. പാലക്കാട് കപ്പൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാല് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. വാളയാറിൽ എക്സൈസ് ചെക്പോസ്റ്റിലേക്ക് ലോറി ഇടിച്ചു കയറി. ആര്‍ക്കും പരുക്കില്ല. കോഴിക്കോട് വെസ്റ്റ്ഹിലില്‍ ചരക്കുലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു.