ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയമിച്ച ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ പ്രശ്നപരിഹാരത്തിന് ഉതകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീസംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നടിമാര്‍ പരാതി നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി സജി ചെറിയാന്‍. രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. സെക്സും വയലന്‍സും ഡ്രഗ്സും നിറഞ്ഞ്, സ്ത്രീകളെ അടക്കിവാഴുന്ന ആണധികാര കേന്ദ്രമാണ് സിനിമാലോകമെന്ന് റിപ്പോര്‍ട്ട്. പുരുഷന്‍മാര്‍ക്ക് വഴങ്ങിക്കൊടുത്തില്ലങ്കില്‍ സ്ത്രീകള്‍ക്ക് അവസരമില്ല. പ്രശസ്തരായ വ്യക്തികള്‍ പോലും സ്ത്രീകളെ ചൂഷണം ചെയ്തെന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടിലുണ്ട്. നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സംവിധായകന്‍ നായികനടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും മൊഴി. നടന്‍മാരില്‍ പലരും ലൊക്കേഷനിലെത്തുന്ന ലഹരിമരുന്ന് ഉപയോഗിച്ചെന്നും കണ്ടെത്തല്‍.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെയും നീതിനിഷേധത്തിന്റെയും ഞെട്ടിക്കുന്ന മൊഴികളടങ്ങിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തോളം പൂഴ്ത്തി വച്ചത്. അവസരം വേണമെങ്കില്‍ സംവിധായകനും നിര്‍മാതാവും നായകനും തുടങ്ങി പലര്‍ക്കും ശരീരം കാഴ്ചവെക്കേണ്ട കാസ്റ്റിങ് കൗച്ച് മലയാളത്തിലും വ്യാപകം. അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഹോട്ടലിലേക്ക് ക്ഷണിക്കും. സെക്സിന് നിര്‍ബന്ധിക്കലാണ് പിന്നീട്. വഴങ്ങിക്കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ചില നടിമാര്‍ കരുതുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്ന അമ്മമാരുമുണ്ടെന്ന് നടുക്കുന്ന വിവരവും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അവസരം ലഭിച്ചാലും ലൈംഗിക ചൂഷണം തീരില്ല. ഒരു നടിയുടെ മൊഴി ഇങ്ങനെ 'ഷൂട്ടിങിന് ശേഷം രാത്രി ഹോട്ടലിലെത്തി. പത്ത് മണി കഴിഞ്ഞതോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ തുറക്കാനും ആവശ്യപ്പെട്ടു. തുറക്കാതിരുന്നതോടെ വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കടക്കുമെന്ന പേടിയായി. ഉറങ്ങാതിരുന്നാണ് ശരീരം കാത്തത്'.
ഇങ്ങനെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതില്‍ സിനിമാ ലോകത്തെ വളരെ പ്രശസ്തരായ വ്യക്തികള്‍ വരെയുണ്ടെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് അടിവരയിടുന്നു. ലൈംഗികമായി വഴങ്ങാന്‍ തയാറാകാത്തവരെ പലതരത്തില്‍ ഉപദ്രവിക്കും. ഫാന്‍സിനെക്കൊണ്ട് സൈബര്‍ ആക്രമണം നടത്തും. സിനിമയില്‍ നിന്ന് വിലക്കും. സംവിധായകന്റെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാതിരുന്നതോടെ ഒരു സീന്‍ തന്നെ പതിനാറ് തവണ എടുപ്പിച്ച് പീഡിപ്പിച്ചെന്നാണ് ഒരു യുവനടി വെളിപ്പെടുത്തിയത്.
40000 രൂപ തരാമെന്ന് പറഞ്ഞിരുന്ന പ്രതിഫലം 8000മായി വെട്ടിക്കുറച്ചതാണ് മറ്റൊരു നടിയുടെ അനുഭവം. ഇതിനെല്ലാം പുറമെ നഗ്നതാപ്രദര്‍ശനത്തിന് നിര്‍ബന്ധിക്കുന്ന അനുഭവങ്ങളും റിപ്പോര്‍ട്ടിലുണ്ട്. നായികാനടിയുടെ മൊഴി ഇങ്ങിനെ. ഷൂട്ടിങ് പകുതിയോളം കഴിഞ്ഞപ്പോള്‍ പകുതിയിലധികം ശരീരം പ്രദര്‍ശിപ്പിച്ച് ലിപ് ലോക് സീനില്‍ അഭിനയിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. ഒടുവില്‍ അവര്‍ ആ സിനിമ ഉപേക്ഷിച്ചു. എന്നാല്‍ ഹോട്ടലില്‍ വന്ന് കണ്ടില്ലങ്കില്‍ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് പറഞ്ഞായി സംവിധായകന്റെ ഭീഷണി.
ഇത്തരം ദുരനുഭവങ്ങള്‍ക്കെതിരെ ഇന്റേണല്‍ കമ്മിറ്റികളില്‍ മൊഴി നല്‍കിയാല്‍ ആ പരാതി ചോര്‍ത്തി ആ സ്ത്രീയെ തന്നെ അപമാനിക്കുകയും വിലക്കുകയും ചെയ്യും. അങ്ങനെ മലയാള സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പുകളുണ്ട്. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പോലും സാധിക്കുന്നില്ലന്നും കുറ്റപ്പെടുത്തുന്നു.