WCC

സിനിമാ മേഖലയില്‍ സ്ത്രീകള്‍ പ്രശ്നങ്ങള്‍  നേരിടുന്നില്ലെന്ന് WCC സ്ഥാപക അംഗമായ സ്ത്രീ നിലപാട് എടുത്തെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശം. ഈ നടി സ്വാര്‍ത്ഥതാല്പര്യത്തിന്റെ പേരില്‍ പുരുഷന്മാര്‍ക്കെതിരെ മൊഴി നല്കാത്തതാണെന്നും ഹേമ കമ്മിറ്റി  വിലയിരുത്തി. അതേസമയം സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തിയ ഡബ്ളുസിസി അംഗങ്ങളെ സിനിമയില്‍ നിന്ന് വിലക്കിയെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 135ാം പേജില്‍ 268ാം പാരഗ്രാഫില്‍ ഇങ്ങനെ പറയുന്നു. "ഡബ്ളുസിസിയുടെ സ്ഥാപക  അംഗമായിരുന്ന  ഒരു സ്ത്രീക്ക് മാത്രമാണ് സിനിമയില്‍ അവസസരങ്ങള്‍ ലഭിച്ചത്. സിനിമയില്‍ സ്ത്രീകള്‍ ഒരു പ്രശ്നവും നേരിടുന്നില്ലെന്ന് ഇവര്‍ കമ്മിഷനു മുമ്പില്‍ ആവര്‍ത്തിച്ചു. ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടു പോലുമില്ലെന്നും ഇവര്‍ മൊഴി നല്കി. എന്നാലിത് വാസ്തവ വിരുദ്ധമാണ്. മനപൂര്‍വം ഈ നടി പുരുഷന്മാര്‍ക്കെതിരെ സംസാരിക്കാതിരിക്കുകയാണെന്നോ അല്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താകാതിരിക്കാനുളള സ്വാര്‍ഥ താല്പര്യമാണ് ഇവര്‍ക്കെന്നോ വിലയിരുത്താമെന്നും "കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ത്രീ മാത്രമാണ് സ്ത്രീകള്‍ക്ക് പ്രശ്നങ്ങളില്ലെന്ന് ആവര്‍ത്തിച്ച ഒരേയൊരു സ്ത്രീയെന്നും ഇവരുടെ മൊഴി മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

  അനീതികള്‍ക്കെതിരെ സ്വരമുയര്‍ത്തിയ ഡബ്ളുസിസി അംഗങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെട്ടു വെന്നും സിനിമയില്‍ എടുക്കേണ്ടെന്ന് ചിലര്‍ നിര്‍ദേശം നല്കിയതായും  മൊഴികളുടെ അടിസ്ഥാനത്തില്‍ ഹേമ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഡബ്ളു സി സിയില്‍ അംഗത്വമെടുത്തതിന് മാത്രം കഴിവുളള നടിമാരെ സിനിമയില്‍ നിന്ന് പുറത്താക്കിയെന്നും ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു

No problem for women in Malayalam Film industry; WCC founding member to Hema Committee: