ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ പേരുകളോ മൊഴിയുടെ വിശദാംശങ്ങളോ പുറത്തു വരരുതെന്ന് വിമന്‍ ഇന്‍സിനിമ കലക്ടീവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കമ്മറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി വേണം. പക്ഷെ മൊഴിനല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്നും ഡബ്ല്യുസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ അഭിപ്രായം പരിഗണിക്കാം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി.
രേവതി, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, ബീനാ പോള്‍ എന്നിവരാണ് മുഖ്യമന്ത്രിയെ ഒാഫീസിലെത്തി കണ്ടത്. സനിമാ നയവുമായി ബന്ധപ്പെട്ട അഭിപ്രായവും അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഹേമകമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നശേഷമുള്ള വിവാദങ്ങള്‍, ഹൈക്കോടതി നിര്‍ദേശം എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഡബ്ല്യുസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഉടന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാന്‍. 'ഹൈക്കോടതി വിധി കൃത്യമായി പഠിച്ച് പറഞ്ഞകാര്യങ്ങളെല്ലാം ചെയ്യും. എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിച്ചെന്നാണ് ഹൈക്കോടതി ചോദിച്ചത് . ഇതില്‍ എവിടെയാണ് സര്‍ക്കാരിന് വിമര്‍ശനമെന്നും മന്ത്രി ചോദിച്ചു. '
അതേസമയം, ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. നേതൃത്വം മാറണമെന്ന് സാന്ദ്രാതോമസ്. സംഘടന പ്രവര്‍ത്തിക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് വേണ്ടിയെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. . ഹേമ കമ്മിറ്റി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് ഭൂരിപക്ഷം പേരും അറിഞ്ഞില്ല.അസോസിയേഷന്‍ സമീപനം വനിത നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമെന്നും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കണം എന്നുമാവശ്യപ്പെട്ട് സാന്ദ്ര കത്ത് നല്‍കി.