സിനിമയില്‍ ‘പവര്‍ ഗ്രൂപ്പ്’ ഉണ്ടെന്നതിന് ഞങ്ങളുടെ ജോലിനഷ്ടമാണ് തെളിവെന്ന് പാര്‍വതി തിരുവോത്ത് മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റില്‍. ഞങ്ങളുമായി സൗഹൃദം ഉണ്ടെന്ന് തോന്നിയാല്‍ പോലും സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തി. ആ 15 പേരുടെ പേരുകള്‍ പുറത്തുവരാതെയും അവരെ നേരിടാനാകുമെന്നും പാര്‍വതി പറഞ്ഞു. പേരുകള്‍ പുറത്തുപറയേണ്ട സമയത്തൊക്കെ WCC പറഞ്ഞിട്ടുണ്ട്. പവര്‍ഗ്രൂപ്പ് സ്വയം തിരുത്തുമെന്ന് പ്രതീക്ഷയില്ല. സര്‍ക്കാര്‍ വേണ്ട നടപടിയെടുത്താല്‍ ഈ ഗ്രൂപ്പിനെ നേരിടാനാകുമെന്നും പാര്‍വതി പറഞ്ഞു.
ഇത് ചരിത്രനിമിഷമാണ്, പിന്നിട്ടത് ആദ്യചുവടുമാത്രം. പോരാട്ടം തുടരുകതന്നെ ചെയ്യും. മൊഴി നല്‍കിയ ഓരോ സ്ത്രീയും കടന്നുപോയ സംഘര്‍ഷങ്ങള്‍ ഓര്‍ക്കണം. റിപ്പോര്‍ട്ട് പുറത്തുവന്നതിലൂടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നെന്ന തെറ്റിദ്ധാരണയില്ല
‘കോണ്‍ക്ലേവെന്നും ട്രിബ്യൂണലെന്നും പല വാക്കുകള്‍ കേള്‍ക്കുന്നുണ്ട്. കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തത വേണം. ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കണോ? അത്തരം ചര്‍ച്ചയാണോ ഉദ്ദേശിക്കുന്നത്..? പാര്‍വതി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാതിരുന്നത് അംഗങ്ങള്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കി. ഒരു നടപടിയുമില്ലാതിരുന്ന നാലരവര്‍ഷം ശരിക്കും ശ്വാസം മുട്ടലുണ്ടാക്കിയെന്നും പാര്‍വതി പറയുന്നു. ഡബ്ല്യു.സി.സി. സാംസ്കാരിക മന്ത്രിക്ക് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി ഇനി നാലുവര്‍ഷം കാത്തിരിക്കാന്‍ വയ്യെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. പ്രഖ്യാപനങ്ങള്‍ പോര, കൃത്യമായ നടപടിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. സര്‍ക്കാരിന്റെ പ്രായോഗികമായ നടപടികളിലേക്ക് ഉറ്റുനോക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ഡബ്ല്യു.സി.സി. രൂപീകരിച്ച ഘട്ടം മുതല്‍ ഏറ്റത് പരിഹാസങ്ങളും അപമാനങ്ങളുമാണ്. ഒരുഘട്ടത്തില്‍ എനിക്കും പ്രതീക്ഷ നഷ്ടപ്പെട്ടു, തിരിച്ചുപിടിച്ചത് സംഘടനയുടെ കരുത്തിലാണെന്നും നടി.
‘ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ കുട്ടികളെന്നു പരാമര്‍ശിച്ചത് ഗൗരവമായി പരിഗണിക്കണം. പോക്സോ കേസെടുക്കാന്‍ പറ്റുമോയന്നു സര്‍ക്കാര്‍ പരിശോധിക്കണം. അതിജീവിതമാര്‍ പരാതി നല്‍കിയാലും നീതി കിട്ടുമെന്ന് എന്തുറപ്പാണുള്ളത്. മുന്നനുഭവങ്ങള്‍ ഒന്നും പ്രതീക്ഷ നല്‍കുന്നതല്ല, മുന്നോട്ടുവരുന്നവരെ വേട്ടയാടുമെന്നും പാര്‍വതി വിശദീകരിച്ചു.