TOPICS COVERED

ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണം തടഞ്ഞ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് തുടർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞത്. ശബരിമല ഉന്നതാധികാര സമിതിയെ അറിയിക്കാതെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.

ശബരിമല സന്നിധാനത്തെ പുതിയ ഭസ്മ കുളത്തിന്റെ നിർമാണത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ വിമർശനം. ദിനംപ്രതി നിരവധി ഭക്തർ വരുന്നയിടമാണ് ശബരിമല. ഇത്തരത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ദേവസ്വം ബോർഡും, പ്രസിഡന്റും ചേർന്ന് തീരുമാനമെടുത്താൽ പോര. പൊലീസ്, സ്പെഷ്യൽ കമ്മീഷണർ, ശബരിമല ഉന്നതാധികാര സമിതി എന്നിവരുമായി കൂടിയാലോചന വേണം. ഉന്നതാധികാര സമിതിയോട് ആലോചിക്കാതെ നിർമാണ പ്രവർത്തനം ആരംഭിച്ചത് ശരിയായ പ്രവണതയല്ലെന്നും ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് വിമർശിച്ചു. 

എന്നാൽ ഭസ്മക്കുളം മാറ്റുന്ന കാര്യം സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചിരുന്നു എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ  ബോർഡ് സാവകാശം തേടി. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. യഥാർത്ഥ ഭസ്മക്കളും മറ്റൊരിടത്തല്ലേ എന്നും, ആ സ്ഥലത്തിന്റെ അവസ്ഥയെന്താണെന്നും കോടതി ആരാഞ്ഞു. 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ശബരിമല സന്നിധാനത്ത് പുതിയ കുളത്തിനായി ശിലാസ്ഥാപനം നടത്തിയത്. ശബരി ഗസ്റ്റ് ഹൗസിനു മുൻവശത്ത് കൊപ്രാക്കളത്തിന് സമീപമാണ് കുളത്തിന് സ്ഥലം തീരുമാനിച്ചിട്ടുള്ളത്. നിലവിൽ ശ്രീകോവിലിന് പടിഞ്ഞാറുവശത്താണ് ഭസ്മക്കുളം. ഇതിലേക്ക് മലിനജലവും ഉറവയായി എത്തുന്നതിനാലാണ് പുതിയ കുളം നിർമ്മിക്കാൻ തീരുമാനിച്ചത്.