മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. വിമാനത്തിന്‍റെ പൈലറ്റാണ് ബോംബ് ഭീഷണിയെ കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചത്. വിമാനത്താവളത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം ടാക്സിവേയിലേക്ക് മാറ്റി. സുരക്ഷാ വിഭാഗം പരിശോധന നടത്തുകയാണ്. 8.10ന് ലാന്‍ഡ് ചെയ്യേണ്ട വിമാനമാണ് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് 7.56 ന് ലാന്‍ഡ് ചെയ്തത്. ഏഴരയോടെയാണ് ബോംബ് വച്ചിട്ടുള്ളതായി ഭീഷണി സന്ദേശം എത്തിയത്. അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.