വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേക്കില്ല. പുലർച്ചെ നാലുമണിയോടുകൂടി തസ്മത്തിനെ കൊണ്ടുവരാനായി തിരുവനന്തപുരത്തുനിന്ന് പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു. ട്രെയിൻ മാർഗമാണ് യാത്ര. ഇന്ന് രാത്രിയോടുകൂടിയായിരിക്കും പൊലീസ് സംഘം വിശാഖപട്ടണത്തെത്തുക. അതിനാൽ നാളെ മാത്രമേ ചൈൽഡ് ലൈനിൽ നിന്ന് കുട്ടിയെ ഏറ്റെടുക്കുന്നത് അടക്കമുള്ള നിയമ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ വൈകിട്ടോടെ കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചെന്നൈ താമ്പരത്തുനിന്ന് ബംഗാളിലേക്ക് പോകുന്ന ട്രെയിനില്‍ നിന്ന് മലയാളി കൂട്ടായ്മയാണ് കുട്ടിയെ കണ്ടെത്തിയത്. രാത്രി പത്തുമണിയോടെ കണ്ടെത്തിയ കുട്ടിയെ ആര്‍പിഎഫിെന ഏല്‍പിക്കുകയായിരുന്നു. ആര്‍പിഎഫ് കുട്ടിയെ ചൈയില്‍ഡ് ലൈനിന് കൈമാറി. കുട്ടിയെ കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. അനിശ്ചിതത്വവും ആശങ്കയും നിറഞ്ഞ 37 മണിക്കൂറുകൾക്ക് ശേഷമാണ് തസ്മിത്തിനെ കണ്ടെത്തിയത്. 50 രൂപയുമായി വീട്ടിൽ നിന്ന് ഇറങ്ങിയ 13 കാരി ഇതിനകം 1650 ലധികം കിലോമീറ്ററാണ് ഭക്ഷണം പോലും കഴിക്കാതെ താണ്ടിയത്.
ചൊവ്വ രാവിലെ 9.30നാണ് തസ്മിത്ത് വീട്ടിൽ നിന്നിറങ്ങുന്നത്. ഉച്ചക്ക് 12.15 കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കയറി. ഈ ട്രയിനില്‍വച്ചാണ് യാത്രക്കാരി ബബിത കുട്ടിയെ കാണുന്നത്. ഉച്ചതിരിഞ്ഞ് 2.45 ഓടെ കുട്ടിയെ കാണാനില്ലന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിക്കുന്നു. പിന്നാലെ വ്യാപക തിരച്ചിലിന് തുടക്കം. രാത്രി 12 ന് ആസാമിലേക്ക് ട്രയിൻ കയറിയെന്ന സംശയത്തിൽ പാലക്കാട് പരിശോധന. ബുധനാഴ്ച പുലർച്ചെ 4ന് കുട്ടിയെ ട്രയിനിൽ കണ്ട വിവരം ബബിതയാണ് പൊലീസിനെ അറിയിക്കുന്നു. പിറ്റേന്ന് രാവിലെ 7.30ന് കഴക്കൂട്ടം പൊലീസ് കന്യാകുമാരിയിലെത്തി. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങി.
വൈകിട്ട് 4.05 കുട്ടി നാഗർകോവിൽ സ്റ്റേഷനിൽ നിന്ന് വെള്ളം ശേഖരിക്കുന്ന ദൃശ്യം ലഭിക്കുന്നു. വൈകിട്ട് 5.15ന് കുട്ടി കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരിച്ച് സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 6.20നാണ് കുട്ടി ചെന്നൈക്ക് ട്രയിനിൽ പോയതായി സ്ഥിരീകരണമുണ്ടാവുന്നത്. പിന്നാലെ കുട്ടി ചെന്നൈ എഗ്മോറിൽ ഇറങ്ങിയതായി സ്ഥിരീകരണം വരികയും. രാത്രി 10.25ന് കുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തുകയും ചെയ്തു.