ടോള്‍പ്ലാസകളില്‍ ക്യൂ എത്ര നീണ്ടാലും ടോള്‍ അടയ്ക്കാതെ വാഹനം വിടില്ലെന്ന് ദേശീയപാത അധികൃതര്‍ ഉത്തരവിറക്കി. വാഹനങ്ങളുടെ വരി നൂറു മീറ്റര്‍ നീണ്ടാല്‍ ടോള്‍ ഈടാക്കാതെ കടത്തി വിടണമെന്ന നിബന്ധന ദേശീയപാത അധികൃതര്‍ പിന്‍വലിച്ചു.
ഇനി, ക്യൂ എത്ര നീണ്ടാലും ടോള്‍ അടപ്പിച്ചേ വിടൂവെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്. വരിയുടെ നീളം നൂറു മീറ്റര്‍ കടന്നാല്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാതെ കടത്തിവിടണമെന്നായിരുന്നു ചട്ടം. ഇതാണ്, ദേശീയപാത അധികൃതര്‍ തന്നെ വിഴുങ്ങിയത്. ഇനി, മുതല്‍ വരി എത്ര നീണ്ടാലും ടോള്‍ നല്‍കേണ്ടി വരും. വാഹനത്തിരക്കിനിടെ ആംബലുന്‍സുകള്‍ പോലും ടോള്‍പ്ലാസയില്‍ കുടുങ്ങാറുണ്ട്. പാലിയേക്കര ടോള്‍പ്ലാസയില്‍ ക്യൂ നിന്ന് പണം അടക്കാന്‍ മാത്രം പത്തു മിനിറ്റിലേറെ സമയം നേരത്തെ എടുത്തിരുന്നു.
വാഹനത്തില്‍നിന്ന് ടോള്‍ ഈടാക്കല്‍ പത്തു സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു മുന്‍ മാനദണ്ഡം. ടോള്‍പ്ലാസയില്‍ പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരും. ഇത്തവണ ടോള്‍ നിരക്കുകളില്‍ കാര്യമായ മാറ്റമില്ല. ഒറ്റദിവസ ടോള്‍ നിരക്കില്‍ ആകെയുള്ള മാറ്റം ബസിനും ലോറിക്കും ഒന്നില്‍ കൂടുതലുള്ള ട്രിപ്പുകള്‍ക്ക് 5 രൂപ വര്‍ധിച്ച് 485 രൂപ ആയെന്നതാണ്. ഒരു ഭാഗത്തേക്കുള്ള എല്ലാത്തരം വാഹനയാത്രകള്‍ക്കും നിലവിലെ നിരക്കുതന്നെ തുടരും.