sojan

TOPICS COVERED

ബ്രിട്ടനിലെ ആദ്യ മലയാളി എംപിയായ സോജന്‍ ജോസഫ് നാട്ടിലെത്തി. തിരുവനന്തപുരത്ത് ഓഗസ്റ്റ് 30നു ചെയിഞ്ച് മേക്കേഴ്സ് എന്ന വിഷയത്തില്‍ നടക്കുന്ന മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ് എംപി ആയതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം. മനോരമ ന്യൂസ്  കോണ്‍ക്ലേവില്‍  പങ്കെടുക്കുന്നത് സന്തോഷവും അഭിമാനവും നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

 

കെന്റിലെ ആഷ്ഫോഡില്‍ നിന്ന് നിര്‍ണായക ജയം കൈവരിച്ച കോട്ടയം ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫ് പുലര്‍ച്ചെയാണ് കൊച്ചിയിലെത്തിയത്. സോജനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും മനോരമ ന്യൂസ് പ്രതിനിധികളും വിമാനത്താവളത്തിലെത്തി. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിലെ സന്തോഷം പങ്കുവച്ച അദ്ദേഹം, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ളവരെ ഈ വരവില്‍ കാണുമെന്നും പറഞ്ഞു.

ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ സോജന്‍ ജോസഫ് കണ്‍സര്‍വേറ്റീവ് പാര്‍‌ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്താണ് പൊതുതിരഞ്ഞെടുപ്പില്‍ ജയിച്ചത്.1799 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച സോജന്‍ ജോസഫ് ബ്രിട്ടീഷ് പാര്‍ലമെന്റിലെയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളിയുമായി. 2019ലെതിനെക്കാള്‍ 8.7ശതമാനം വോട്ട് വര്‍ധിപ്പിക്കാനും സോജന്‍ ജോസഫിനായി. 2001ല്‍ യു.കെയിലെത്തിയ സോജന്‍, 22വര്‍ഷമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന മാനസീക വിഭാഗം നഴ്സാണ്. 

ENGLISH SUMMARY:

Britain's first Malayali MP, Sojan Joseph, has arrived home