britain-uk

TOPICS COVERED

കലാപകലുഷിതമായ ബ്രിട്ടണില്‍  ഇന്ത്യാക്കാരടക്കമുള്ള  വിദേശപൗരന്‍മാര്‍ കടുത്ത ഭീതിയില്‍.  തീവ്രവലതുപക്ഷം എഷ്യന്‍കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും കുടിയൊഴിപ്പിക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നത്  ബ്രിട്ടനിലെ മലയാളിവിദ്യാര്‍ഥികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 

അക്രമം എല്ലായിടത്തുമുണ്ട്. മുദ്രാവാക്യം മുസ്ലീങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ. ചിലയിടങ്ങള്‍ പ്രക്ഷോഭം ഒരുപടികൂടി കടന്ന് ജോലിക്കും വിദ്യാഭ്യാസത്തിനുമായെത്തിയ അന്യരാജ്യക്കാരെ ആക്രമിക്കുന്ന നിലയിലേക്കും എത്തിയിട്ടുണ്ട് .ആക്രമിക്കപ്പെട്ടവരില്‍ ഒരുമലയാളിയും ഉള്‍പ്പെടുന്നെന്ന വാര്‍ത്ത കേരളത്തിലും ആശങ്ക ഉയര്‍ത്തുന്നു . മലയാളികളോട് ജാഗ്രതപുലര്‍ത്താന്‍  ബ്രിട്ടണിലെ വിവിധ മലയാളി സംഘടനകളും നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയള്ളവർ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രകടനക്കാരെ പ്രകോപിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും മലയാളി അസോസിയേഷനുകളുടെ മാതൃസംഘടനയായ യുക്മയും മുന്നറിയിപ്പു നൽകി.  പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകള്‍  പാലിക്കാനും സ്ഥാനപതി കാര്യാലയം നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ഹൈക്കമ്മിഷനുമായി ബന്ധപ്പെടാമെന്നും  പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ലിവർപൂൾ, ബ്ലാക്ക്പൂൾ, ബ്രിസ്റ്റോൾ, സ്റ്റോക്ക് ഓൺ ട്രൻഡ്,  ബെൽഫാസ്റ്റ്, ബോൾട്ടൺ, മിഡിൽസ്ബറോ, വേമൗത്ത്, റോതർഹാം, പ്ലിമത്ത് തുടങ്ങി ഇരുപത്തഞ്ചോളം നഗരങ്ങളിലാണ് ഒരാഴ്ചയായി കുടിയേറ്റ വിരുദ്ധ കലാപം ആളിക്കത്തുന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം തുടങ്ങിയ വൻ നഗരങ്ങള്‍ കുടിയേറ്റക്കാർക്ക് വലിയ സ്വാധീനമുള്ള ഇടങ്ങള്‍ കൂടിയാണ്. കുടിയേറ്റക്കാര്‍ക്ക് ശക്തമായ സ്വാധീനമുള്ള ഇടങ്ങളില്‍ അക്രമികളുടെ  പ്രതിഷേധം ഏതാനും ഇടങ്ങളില്‍ മാത്രം ഒതുങ്ങി. പക്ഷേ ചിലയിടങ്ങളില്‍ കുടിയേറ്റക്കാർ അക്രമികളെ നേരിടാന്‍ കൂട്ടത്തോടെ രംഗത്തിറങ്ങിയതോടെ നഗരങ്ങള്‍ സംഘർഷകലുഷിതമായി. നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലും,  പ്ലിമത്തിലും മലയാളികൾക്കു നേരെ ആക്രമണം ഉണ്ടായി. വിദ്യാര്‍ഥികളും ആരോഗ്യപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമായി ബ്രിട്ടനിലെ ഓരോ ചെറുപട്ടണങ്ങളിലും നിരവധി മലയാളികളാണുള്ളത് എന്നത് കേരളത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നു. രാത്രിവൈകി ജോലികഴിഞ്ഞ്  മടങ്ങുന്നവരും ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ഡെലിവറി ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ മലയാളികളാണ് ഏറെ ജാഗ്രത പുലര്‍ത്തേണ്ടത്. കലാപസാഹചര്യത്തില്‍  വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഹെല്‍പ്പ്‌ലൈനുകള്‍ തുടങ്ങിയിട്ടുണ്ട്.

 തീവ്ര വലതുപക്ഷ കൊള്ള എന്ന് കലാപത്തെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ വിശേഷിപ്പിച്ചെങ്കിലും കലാപകാരികളെ അടിച്ചമര്‍ത്താന്‍ ഇതുവരെ സര്‍ക്കാരിനായിട്ടില്ല. ഇതിനിടെ ഏഷ്യന്‍ ഉല്‍പന്ന ബഹിഷ്കരണവും വിദേശസ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വ്യാപിക്കുകയാണ്. അക്രമികൾക്കെതിരേ അതിശക്തമായ നടപടി ഉണ്ടാകുമെന്നും ഒരാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി അക്രമികളെ ജയിലിൽ അടയ്ക്കുമെന്നും പ്രധാനമന്ത്രി കിയേർ സ്റ്റാമെർ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന അടിയന്തര കോബ്ര കമ്മിറ്റി യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി അതിശക്തമായ നിലപാടുകൾ വ്യക്തമാക്കിയത്. അക്രമികൾക്കെതിരേ ഭീകര വിരുദ്ധ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ സ്റ്റീഫൻ പാർക്കിൻസണും പറഞ്ഞു. സംഘടിത കലാപം  ആസൂരണം ചെയുനന്വർക്കെതിരെ അതിശക്തമായ വകുപ്പുകൾ ചുമത്തും. അഞ്ചുവർഷം മുതൽ പത്തുവർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാകും കലാപകാരികൾക്കെതിരേ ചുമത്തുക.

 ബ്രിട്ടനിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്  കണക്കുപ്രകാരം 2023ൽ മാത്രം 2, 50,000 ഇന്ത്യാക്കാരാണ് ബ്രിട്ടനിലെത്തിയത്. അതിൽ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുണ്ട്.  മലയാളികള്‍ വിദ്യാഭ്യാസത്തിനായി ഏറ്റവുമധികം ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യവും ബ്രിട്ടനാണ് . അതിനാല്‍ തന്നെ നിലവിലെ സങ്കീര്‍ണസാഹചര്യം കേരളത്തിന്‍റെ നെഞ്ചിടിപ്പുയര്‍ത്തുന്നതാണ്.

Anti immigration strike in UK malayali students are worried: