രഞ്ജിത്തിന് സംരക്ഷണം ഒരുക്കാനായി, പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എടുത്ത സോളര്‍ കേസിനെ തള്ളിപ്പറഞ്ഞ് മന്ത്രി സജി ചെറിയാന്‍. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ട് കോടതി എന്ത് ചെയ്തെന്ന് മന്ത്രിയുടെ ചോദ്യം. സോളര്‍ അന്വേഷണം നേരിടാന്‍ കോണ്‍ഗ്രസ് തയാറായിരുന്നൂവെന്ന് പ്രതിപക്ഷ നേതാവിന്റെ മറുപടി.
ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്ന് മന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇതല്ലായിരുന്നല്ലോ സി.പി.എമ്മിന്റെ നിലപാടെന്ന ചോദ്യം ഉയരുന്നത്. ഞൊടിയിടയില്‍ മന്ത്രിയുടെ മറുപടി.
സോളര്‍ കേസ് രാഷ്ട്രീയപ്രേരിതമെന്ന നിലപാടില്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളായി ഉയര്‍ത്തുന്ന ചോദ്യമാണ് മന്ത്രിയും ആവര്‍ത്തിച്ചത്. അതും പിണറായി സര്‍ക്കാരെടുത്ത കേസിനെ തള്ളിക്കൊണ്ട്. പക്ഷെ അതില്‍ വസ്തുതാപരമായ വളച്ചൊടിക്കലുമുണ്ട്.
ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പലതവണ പറഞ്ഞിട്ടും അംഗീകാരിക്കാതിരുന്ന മുഖ്യമന്ത്രി പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങുകയായിരുന്നു. ഒടുവില്‍ സി.ബി.ഐക്കും വിട്ടു. സി.ബി.ഐയാണ് തെളിവില്ലെന്ന് കണ്ട് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. മന്ത്രി പറയുന്നത് പോലെ കോടതി കേസ് തള്ളുകയായിരുന്നില്ല. മന്ത്രിയുടെ വാദം കോണ്‍ഗ്രസ് മറ്റൊരു ആയുധമാക്കി.