'അമ്മ' മുന്‍ ജനറല്‍ സെക്രട്ടറി സിദ്ദിഖ് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന 2019 ലെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യുവനടി. പ്ലസ് ടു കഴിഞ്ഞ സമയത്ത് സിനിമയുടെ ചര്‍ച്ചയ്ക്കെന്ന് പറഞ്ഞ് മാസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് നടി മനോരമ ന്യൂസിനോട് പറഞ്ഞു.
പുറത്തുപറയുമെന്ന് പറഞ്ഞപ്പോള്‍ 'നിന്നെ ആര് വിശ്വസിക്കും, പുറത്തുപറഞ്ഞാല്‍ എനിക്ക് പുല്ലാണ്' എന്നുമായിരുന്നു മറുപടിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ വെളിപ്പെടുത്തി. തന്‍റെ അഭിമാനവും ജീവനും കരിയറും ബലികൊടുക്കേണ്ടി വരില്ലെന്ന് ഉറപ്പ് തോന്നുമ്പോള്‍ നിയമപരമായി മുന്നോട്ടുനീങ്ങാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടിയുടെ വെളിപ്പെടുത്തലിന്‍റെ പൂര്‍ണരൂപം ഇങ്ങനെ..
പ്ലസ് ടു സമയത്താണ് സിദ്ദിഖില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. കുറേനാള്‍ 'മോളേ' എന്ന് വിളിച്ചാണ് പെരുമാറിയിരുന്നത്. അങ്ങനെ വിളിച്ചാണ് എല്ലാ അതിജീവിതമാരെയും അയാള്‍ സമീപിച്ചിട്ടുള്ളത്. ഒരേ പാറ്റേണ്‍ എല്ലാ അബ്യൂസുകളിലും കാണാന്‍ കഴിയുന്നുണ്ട്. അയാളുടെ താവളമാണ് മാസ്കറ്റ് ഹോട്ടല്‍. അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട്, 'ഞാനെപ്പോള്‍ വന്നാലും ഇവിടെയാണ് താമസിക്കാറ്' എന്നൊക്കെ... എന്നെ ദുരുപയോഗം ചെയ്ത സമയത്ത് പോലും ഇയാളുടെ (കരുതിക്കൂട്ടിയുള്ള) ട്രാപ്പായിരുന്നു എന്ന് എനിക്ക് തോന്നിയില്ല. അവിടെ പലരും അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു എല്ലാം നടക്കുന്നതെന്ന് അതിന് ശേഷം എനിക്ക് മനസിലായി.
ഒരു സിനിമയുടെ ചര്‍ച്ചകള്‍ക്കായാണ് അവിടെ വന്നത്. 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ് ഉച്ചയോടെയാണ് മാസ്കറ്റ് ഹോട്ടലിലേക്ക് ഡിസ്കഷനായി എത്തിയത്. ഒരു റൂമില്‍ വച്ചായിരുന്നു ഡിസ്കഷന്‍. ഇയാള്‍ക്ക് കൊടുത്തിരുന്ന റൂമില്‍ ചെല്ലാനാണ് എന്നോട് പറഞ്ഞത്. റജിസ്റ്ററിലൊക്കെ ഒപ്പിട്ടശേഷം ഞാന്‍ അകത്തുപോയി. വിസിറ്റര്‍ എന്ന രീതിയിലാണ് ഞാന്‍ അകത്തേക്ക് പോയത്. ആദ്യമൊക്കെ ഐസ് ബ്രേക്കിങ് പോലെ പുള്ളി പൊതുവായ കുറച്ച് കാര്യങ്ങള്‍ സംസാരിച്ചു. എന്‍റെ വിശേഷം ചോദിക്കുന്ന പോലെയൊക്കെ.. പിന്നെയാണ് എനിക്ക് മനസിലായത്. ട്രാപ്പാണ്, അറ്റാക്ക് ചെയ്യപ്പെട്ടുവെന്ന്. ഹീ ഇസ് എ ക്രിമിനല്‍. എല്ലാ രീതിയിലും അബ്യൂസീവായ അപ്രോച്ചാണ് പുള്ളിയില്‍ നിന്നും ഉണ്ടായത്. അവിടെ നിന്ന് ഇറങ്ങി ഓടി, ഒരു ഓട്ടോയ്ക്ക് കൈകാണിച്ചാണ് ഞാനവിടെ നിന്നും പോരുന്നത്.
ആക്രമണത്തിന് ശേഷമാണെങ്കിലും പരമാവധി ശക്തിയെടുത്ത്, പേടിച്ചാണെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴും അയാള്‍ വളരെ കൂളാണ്. 'അതിനിപ്പോ എന്താ... നീ പുറത്ത് പോയി പറഞ്ഞാല്‍ ആരാ നിന്നെ വിശ്വസിക്കാനുള്ളത്?'.... അന്ന് ഞാന്‍ ഒരു സിനിമ പോലും ചെയ്തിട്ടില്ല. 'നിന്‍റെ പ്രൊഫൈല്‍ എവിടെ കിടക്കുന്നു? എന്‍റെ പ്രൊഫൈല്‍ എവിടെ കിടക്കുന്നു... നീ ഇപ്പോ പുറത്തുപോയി പറഞ്ഞാല്‍ എനിക്കൊന്നുമില്ല, എനിക്ക് വെറും പുല്ലാണ്' എന്നാണ് അയാള്‍ പറഞ്ഞത്. ഇത് കേട്ടുകൊണ്ടാണ് ഞാനവിടെ നിന്ന് പോകുന്നത്. ആ സമയത്ത് ഞാന്‍ ആകെ ബ്ലാങ്കാണ്. ഞാന്‍ നടക്കുന്നു, ഫിസിക്കല്‍ മൂവ്മെന്‍റ് ഉണ്ട് എന്നുള്ളതൊന്നും എനിക്ക് തന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ല. ഏതോ ഒരു ഓട്ടോയ്ക്ക് കയറുന്നു. വീട്ടില്‍ പോയി കുറേ നേരം മിണ്ടാതെയിരിക്കുന്നു.
അതിന് ശേഷം ഇയാള്‍ ടെക്സ്റ്റും ഇമേജസും അയയ്ക്കാന്‍ തുടങ്ങി. ഫൊട്ടോ ചോദിക്കാനും അയാളുടെ ഫൊട്ടോ അയച്ചു തരാനും തുടങ്ങി. എന്‍റെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. 'നീണ്ട കൈവിരലുകള്‍ എനിക്കിഷ്ടമാണ്.. അതിന്‍റെ ക്ലോസ് ഫൊട്ടോ എനിക്ക് വേണം.' ഒരു നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ അടുത്ത നമ്പറില്‍ നിന്ന്... അത് തുടര്‍ന്നു. 'മാമ മിയ' ഹോട്ടല്‍ ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ്. അവിടെ ജോലി ചെയ്ത ഒരു ജീവനക്കാരന് ഇതുപോലൊരു ബുദ്ധിമുട്ടുണ്ടായപ്പോള്‍ എന്നോട് പങ്കുവച്ചിരുന്നു. ഇതേ പാറ്റേണിലെ അപ്രോച്ചിനെ കുറിച്ച് നിരവധിപേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് അയാളയച്ചത് പലതും ഞാന്‍ കണ്ടിട്ടുണ്ട്.
ഭയങ്കര അഭിനന്ദനവുമായി ആദ്യം വരും. പ്രോല്‍സാഹിപ്പിച്ച് പ്രോല്‍സാഹിപ്പിച്ച് അവസാനം ട്രാപ്പിലാക്കുന്നതരം ക്രിമിനലാണ് അയാള്‍. അയാള്‍ ഒന്നും അര്‍ഹിക്കുന്നില്ല. അയാളെ കംപ്ലീറ്റായി പുറത്താക്കി, ഒരു സിനിമയിലും അയാള്‍ക്ക് ഒരു തരത്തിലുമുള്ള വേഷങ്ങളും കൊടുക്കരുത്. കാരണം നമ്മുടെയൊക്കെ സ്വപ്നത്തിന് മേല്‍ ചവിട്ടി നിന്ന് ഉണ്ടാക്കിയെടുത്ത ഒരുതരം ഇമേജാണ് അഭിനേതാവ് എന്ന നിലയില്‍ അയാള്‍ക്കുള്ളത്. അതിലെ ഓരോരോ ഘടകവും നമ്മുടേതൊക്കെയാണ്. അതുകൊണ്ട് ഇയാളെ വേര്‍തിരിച്ച്, ഇയാള്‍ നല്ല ഒരു ആക്ടറാണ്, ഇയാള് നല്ലൊരു ഹ്യൂമന്‍ ബീയിങാണ് എന്നൊന്നും ആരും പറയേണ്ട. അയാളൊരു നല്ല മനുഷ്യനല്ല, നല്ല നടനുമല്ല.
'ഞാന്‍ ഇരുന്ന് കള്ളം പറയുകയാണെങ്കില്‍ അവര്‍ കേസ് കൊടുക്കട്ടെ. ഞാനെന്തിനാണ് എപ്പോഴും കേസുമായി പോകുന്നത്. അവരെനിക്കെതിരെ കേസ് കൊടുക്കട്ടെ. ഈ ഒരു കേസ് ആദ്യമായി ചര്‍ച്ചയായപ്പോള്‍ സിദ്ദിഖ് പറഞ്ഞ കുറേ അസംബന്ധങ്ങളുണ്ട്. ആദ്യം നിഷേധിച്ചു'. പിന്നെ, 'അയ്യോ എനിക്കാ കുട്ടീനെ അറിയാം..ഞാന്‍ തന്നെയാണ് അതിനെ ക്ഷണിച്ചത്. അതിന് അഭിനയിക്കണമെന്നൊക്കെ പറഞ്ഞിട്ടുണ്ട്...' ഇതൊന്നും ഞാനങ്ങോട്ട് പറഞ്ഞതല്ല. 'ഒരു സമയത്ത് ആ കുട്ടി അവിടെ നിന്നു. മുതിര്‍ന്ന കുറേ ആക്ടേഴ്സ് അവിടെ നിന്നിരുന്നു. ഇത്രയും ആളുകള്‍ നില്‍ക്കുന്ന സ്ഥലത്ത് ആ കുട്ടിയുടെ വസ്ത്രം ശരിയല്ലാത്തത് കൊണ്ട് വസ്ത്രം നേരെയിടൂ എന്ന് ഞാന്‍ പറഞ്ഞത് ആ കുട്ടി തെറ്റിദ്ധരിച്ചു...' ഇമാജിനേഷന്‍ ! ഞാന്‍ തെറ്റിദ്ധരിച്ചു!!... അതായത് എന്നെ അബ്യൂസ് ചെയ്തപ്പോള്‍, റേപ് ചെയ്തപ്പോള്‍, എന്‍റെ മുന്നില്‍ അയാള്‍ സ്വയംഭോഗം ചെയ്തപ്പോള്‍, ഞാന്‍ ഇനി ജീവിക്കുമോ ഇല്ലയോ എന്ന് പോലും അറിയാതെ ട്രാപ്പിലായ സമയത്ത് , എനിക്കിനി എന്‍റെ അച്ഛനമ്മമാരെ കാണാന്‍ പറ്റുമോ ഇല്ലയോ എന്ന് പോലും അറിയാതെ ഇരുന്ന സമയത്ത്, ഇങ്ങനെയുള്ള ഒരു സ്പേസ് വിട്ട് ഓടിയാല്‍ മതിയെന്ന അവസ്ഥ ഇമാജിനേഷനാണെന്നാണ് ഈ മഹാന്‍ പറയുന്നത്.. മനസിലായില്ലേ...'