തനിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച രേവതി സമ്പത്തിനെതിരെ പരാതിയുമായി സിദ്ദിഖ്.  രേവതി സമ്പത്തിനെതിരെ  ഡി.ജി.പിക്ക് പരാതി നല്‍കി. ആരോപണത്തിന് പിന്നില്‍ അജന്‍ഡയെന്നും   രേവതിയെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമാണ് കണ്ടതെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. 

നടി രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ‌

‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’– നടി പറഞ്ഞു. 2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.

ENGLISH SUMMARY:

Actor Siddique filed a complaint against revathy sampath to the dgp