മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലിയുള്ള ആശങ്കകൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. പിന്നാലെ ജില്ലയിൽ തുടർച്ചയായി മഴ മുന്നറിയിപ്പുകൾ വന്നതോടെ തേക്കടിയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. നിരവധി ഹോട്ടലുകളിൽ നേരത്തെ ലഭിച്ച ബുക്കിങ്ങുകൾ റദ്ദാക്കപ്പെട്ടു. ഓണം അവധി കണക്കാക്കിയുള്ള ബുക്കിങ്ങുകളിലും കുറവുണ്ട്.
ഇതോടെ പ്രതിസന്ധിയിലായത് ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. തമിഴ്നാട്ടിൽ നിന്ന് ഒരു ദിവസത്തേക്ക് സഞ്ചാരത്തിന് എത്തുന്നവരാണ് ഇപ്പോൾ തേക്കടിയിലേക്ക് കൂടുതൽ എത്തുന്നത്. ഓണത്തിന് മുൻപ് ടൂറിസം വകുപ്പിന്‍റെയും, വനം വകുപ്പിന്‍റെയും പിന്തുണയോടെ സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ ആലോചിക്കുകയാണ് തേക്കടിയിലെ ടൂർ ഓപ്പറേറ്ററുമാർ.