ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുകയും, പ്രമുഖ താരങ്ങൾക്കെതിരേ ലൈംഗിക ആരോപണം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍, താര സംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം. എറണാകുളം ലോ കോളജിന്‍റെ പേരിലാണ് വിദ്യാർഥികള്‍ റീത്ത് വെച്ചത്. 'അച്ഛനില്ലാത്ത അമ്മയ്ക്ക്' എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്. ഹെൽമറ്റ് വെച്ചെത്തിയ നാല് വിദ്യാർഥികളാണ് ബൈക്കുകളിലെത്തി റീത്ത് വെച്ചതെന്നാണ് വിവരം.
ലോ കോളജ് വിദ്യാർഥികളുടെ യൂണിയന്‍റെ പേരിലാണ് ‘അമ്മ’യുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ചിരിക്കുന്നത്. അമ്മയുടെ ഓഫീസിന് തീ പിടിക്കുന്ന നേരത്ത് പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാർട്ടൂണും പരിഹാസരൂപേണ റീത്തിനൊപ്പം വെച്ചിട്ടുണ്ട്. വിവാദം കത്തിക്കയറുമ്പോഴും, കഴിഞ്ഞ 4 ദിവസമായി അമ്മയുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്.
അതേസമയം, പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചെന്നു നടന്‍ പൃഥ്വിരാജ് പ്രതികരിച്ചു. ആരോപണവിധേയര്‍ മാറിനില്‍ക്കുകതന്നെ വേണം. ചൂഷണങ്ങള്‍ക്കെതിെര കൃത്യമായ അന്വേഷണവും ശിക്ഷയും വേണം. സംഘടിതമായി തൊഴിലവസരം നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഇതാണ് പവര്‍ ഗ്രൂപ്പെങ്കില്‍ അതുണ്ടാകാന്‍ പാടില്ല. സിനിമ കോണ്‍ക്ലേവിലും പ്രശ്നപരിഹാരത്തിന് ശ്രമം നടക്കട്ടെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാളം സിനിമാ മേഖല ചരിത്രം സൃഷ്ടിക്കുമെന്നും നടന്‍ പൃഥ്വിരാജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.