നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് മേധാവിക്ക് ഇ മെയിലില്‍ പരാതി അയച്ചു. പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.
സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും നടി നേരത്തെ പറഞ്ഞിരുന്നു. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നുമായിരുന്നു സിദ്ദിഖിന്റെ പരാതി.