സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പദ്ധതി അനിശ്ചിതത്വത്തില്‍. പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങളായിട്ടും സ്കീമിന്‍റെ രൂപരേഖ തയ്യാറാക്കുന്നതില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പുതിയ പെന്‍ഷന്‍ സ്കീം പ്രഖ്യാപിച്ച സാഹചര്യത്തില്‍, അതിലെ വിവരങ്ങള്‍ കൂടി പരിശോധിച്ച് കേരളത്തിന്‍റെ സ്കീം തയ്യാറാക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.
പങ്കാളിത്ത പെന്‍ഷന് ബദലായാണ് പുതിയ പെന്‍ഷന്‍ സ്കീം കൊണ്ടുവരുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്. ആറ് മാസമായിട്ടും ഇതില്‍ ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ 'ഏകീകൃത പെന്‍ഷന്‍ പദ്ധതിയെന്ന' പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. അവസാന ശമ്പളത്തിന്‍റെ പകുതി പെന്‍ഷനായി ഉറപ്പ് വരുത്തുന്ന പദ്ധതിയുടെ പൂര്‍ണ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അവ കൂടി പരിശോധിച്ചായിരിക്കും കേരളത്തിന്‍റെ പദ്ധതി രൂപീകരിക്കുകയെന്നുമാണ് ധനവകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ ഈ പദ്ധതി മതൃകയാക്കുക കേരളത്തിന് അസാധ്യമാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ പത്ത് ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പെന്‍ഷന്‍ വിഹിതം. ഇത് വര്‍ധിപ്പിക്കാതെ എങ്ങനെ ശമ്പളത്തിന്‍റെ പകുതി ഉറപ്പാക്കുന്ന പുതിയ പെന്‍ഷന്‍ പദ്ധതി രൂപീകരിക്കുമെന്ന ചോദ്യത്തിന് ധനവകുപ്പിനും ഉത്തരവുമില്ല. ചുരുക്കത്തില്‍ പുതിയ പെന്‍ഷന്‍ പദ്ധതിയെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങാനാണ് സാധ്യത.