കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിയുടെ തുടയിൽ സൂചി തുളച്ച സംഭവത്തിൽ സൂചി കാണാതായതിൽ ദുരൂഹത. കുട്ടിയുടെ തുടയിൽ കൊണ്ടു കയറിയ സൂചി ആവശ്യപ്പെട്ട് പൊലീസ് താലൂക്ക് ആശുപത്രി അധികൃതരെ സമീപിച്ചപ്പോഴാണ് കാണാനില്ല എന്ന് അറിയുന്നത്. ആശുപത്രി ജീവനക്കാർ തന്നെ നശിപ്പിച്ചു കളഞ്ഞു എന്നാണ് സൂചന.
കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസ്സുള്ള കുട്ടിയുടെ തുടയിലാണ് സൂചി കുത്തി കയറിയത്. മറ്റാർക്കോ കുത്തിവെയ്പ്പ് എടുത്ത ശേഷം സൂചിയും സിറിഞ്ചും കട്ടിലിൽ ഉപേക്ഷിച്ചതാണ്. പുതപ്പിന്റെ അടിയിൽ കിടന്ന സൂചിയാണ് ശരീരത്തിൽ കൊണ്ടു കയറിയത്. സംഭവം അറിഞ്ഞെത്തിയ നേഴ്സുമാരിൽ ആരോ സൂചിയും സിറിഞ്ചും എടുത്തു മാറ്റിയിരുന്നു. പിന്നാലെ സൂചി നശിപ്പിച്ചു കളഞ്ഞതായാണ് സൂചന. സംഭവം വിവാദമായതോടെ സൂചി വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചുവെങ്കിലും ഇത് കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു
ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലും ജീവനക്കാർക്ക് ഗുരുതര പിഴവ് സംഭവിച്ചതായി കണ്ടെത്തി. കൂട്ട സ്ഥലംമാറ്റം മടക്കമുള്ള നടപടിക്കാണ് സാധ്യത. അതേസമയം കുട്ടിക്ക് 14 വർഷം തുടർ പരിശോധനകൾ വേണമെന്ന വാർത്തകൾ അശാസ്ത്രീയമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറിയ സൂചിയിൽ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നത് എന്നാണ് ഡിഎംഒ പറയുന്നത്. എന്നാൽ സൂചി എവിടെയെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.