ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗികാതിക്രമം നടത്തിയവരുടെ പേരുകള്‍ പുറത്തുവരണമെന്ന് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മലയാള സിനിമാചരിത്രത്തിലെ പ്രധാനരേഖയായി കണ്ടാവണം സിനിമ നയരൂപീകരണം ഉണ്ടാവേണ്ടതെന്നും ഫെഫ്ക പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട് പുറത്തുവന്ന ശേഷം ഇതാദ്യമായാണ് ഫെഫ്ക നിലപാട് പരസ്യമാക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ താരസംഘടന ഉള്‍പ്പെടെ വസ്തുതാപരമായ അഭിപ്രായം പറയാത്തതിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുമ്പോഴാണ് ഫെഫ്ക നിലപാട് തുറന്നുപറഞ്ഞത്. ലൈംഗികാതിക്രമം നടത്തിയവരുടെ പേരുകള്‍ പുറത്തുവരണമെന്നത് മാത്രമല്ല അതിജീവിതകള്‍ക്ക് നിയമ സഹായം നല്‍കുന്നതിനടക്കം വനിതാ അംഗങ്ങളുടെ കോര്‍ കമ്മിറ്റി വരുമെന്നും ഫെഫ്ക വ്യക്തമാക്കുന്നു. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങള്‍ക്കെതിരെ അച്ചടക്കനടപടി വേണം. അപക്വവും വൈകാരികവുമായ പ്രതികരണം പാടില്ലെന്നതിനാലാണ് പ്രതികരണം വൈകിയതെന്ന് ഫെഫ്ക വ്യക്തമാക്കുന്നു.
ഹേമ കമ്മറ്റി റിപ്പോര്‍ടിലെ തുടര്‍ചര്‍ച്ചകള്‍ക്ക് നേരത്തെ 21 യൂണിയനുകള്‍ക്കും ഫെഫ്ക മാര്‍ഗരേഖ കൈമാറിയിരുന്നു. വിശകലന റിപ്പോര്‍ട്ടിന് അന്തിമരൂപം തയാറാക്കുന്നതിന് ഫെഫ്കയിലെ അംഗസംഘടനകളുടെ എക്സിക്യുട്ടീവ് കമ്മറ്റികള്‍ ചേരും. ഇതിന് മുന്നോടിയായി സ്ത്രീ അംഗങ്ങളുടെ അഭിപ്രായരൂപീകരണം നടത്തുകയാണെന്നും ഫെഫ്ക അറിയിച്ചു. അതിനിടെ അമ്മ എക്സിക്യുട്ടീവ് രാജി വിപ്ലവകരമായ നവീകരണത്തിന്റെ തുടക്കമാവട്ടെയെന്നും ഫെഫ്ക പ്രതികരിച്ചു.