കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായതോടെ മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നൊഴിവാക്കാന്‍ സിപിഎം. ആരോപണ വിധേയരെ ഒഴിവാക്കാന്‍ പാര്‍ട്ടി സാംസ്കാരിക വകുപ്പിന് നിര്‍ദേശം നല്‍കി. മുകേഷ് സ്വയം തീരുമാനിക്കട്ടേയെന്ന് സമിതി അധ്യക്ഷന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു. അതേസമയം പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ടെന്നും സിപിഎം പ്രതിരോധത്തിലല്ലെന്നുമായിരുന്നു മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രതികരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ആരോപണം ഉയര്‍ന്നപ്പോള്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ശ്രമിച്ച് സിപിഎമ്മും സര്‍ക്കാരും നാണംകെട്ടു. മുകേഷിന്‍റെ കാര്യത്തിലും രണ്ട് ദിവസം മിണ്ടാതിരുന്ന സിപിഎം, കാര്യങ്ങള്‍ കൈവിടുമെന്നായതോടെ ആദ്യ നടപടി തുടങ്ങി. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രീപീകരിച്ച ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാംസ്കാരിക വകുപ്പിന് നിര്‍ദേശം നല്‍കി. ഇവിടെയും മുകേഷിനെ ഒഴിവാക്കൂ എന്ന കര്‍ശന നിര്‍ദേശത്തിന് പകരം ആരോപണ വിധേയരെ ഒഴിവാക്കൂവെന്ന വളഞ്ഞ വഴിയാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് കാത്തിരിക്കുന്നതായി സമിതി അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം മുകേഷ് വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നായിരുന്നു മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രതികരണം. പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നും മന്ത്രി. ഒരു വര്‍ഷം മുന്‍പ് രൂപീകരിച്ച സമിതിയില്‍ പത്ത് അംഗങ്ങളായിരുന്നു. ആദ്യം തന്നെ മഞ്ജു വാര്യര്‍, പത്മപ്രിയ, രാജീവ് രവി എന്നിവര്‍ പിന്‍മാറി. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന പറഞ്ഞ സമിതി പതിനാല് മാസമായിട്ടും ഒന്നും ചെയ്തിട്ടില്ല. ഹേമ കമ്മിറ്റി ശുപാര്‍ശകളേക്കുറിച്ച് ആലോചിക്കാനുള്ള സിനിമാ കോണ്‍ക്ളേവിനടക്കം ചുക്കാന്‍ പിടിക്കുന്ന സമിതിയിലാണ് ആരോപണവിധേയര്‍ തുടരുന്നത്.