ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ രണ്ടാംപ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെയാണ് ജാമ്യം. വിചാരണാക്കോടതിക്ക് ഉപാധികള്‍ തീരുമാനിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മകളെയും ഭര്‍തൃമാതാവിനെയും കൊന്നകേസിലെ ഗൂഢാലോചനക്കുറ്റത്തില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട അനുശാന്തി എട്ടുവര്‍ഷമായി ജയിലിലാണ് കഴിയുന്നത്. 2014 ഏപ്രില്‍ 16ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. ആലംകോട് സ്വദേശിയായ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന, ചെറുമകള്‍ സ്വാസ്തിക (മൂന്നരവയസ്) എന്നിവരെയാണ് അനുശാന്തിയും കാമുകനായ നിനോമാത്യുവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അനുശാന്തിയുടെ ഭര്‍ത്താവായിരുന്ന ലിജീഷിനെ വധിക്കാനും പ്രതികള്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു. ടെക്നോപാര്‍ക്കിലെ കമ്പനിയില്‍ സഹപ്രവര്‍ത്തകരായിരുന്നു അനുശാന്തിയും നിനോയും.
ഒന്നാംപ്രതിയായ നിനോ മാത്യുവിന് സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം കഠിനതടവാക്കി കുറച്ചിരുന്നു. കാമുകിയുടെ കുഞ്ഞിനെയും ഭർതൃമാതാവിനെയും അതിക്രൂരമായി കൊലപ്പെടുത്തുകയും അവരുടെ ഭർത്താവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് നിനോയ്ക്കെതിരെയുള്ള കേസ്.
കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന ചാണക്യന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ അപ്പീലില്‍ ഹൈക്കോടതി മുന്‍പ് പ്രസ്താവിച്ചത്. പങ്കാളികളെയും കുട്ടികളെയും വഞ്ചിച്ച രണ്ടു ടെക്കികളുടെ കാമാസക്തി നിറഞ്ഞ അവിഹിത ബന്ധമാണു കുറ്റകൃത്യത്തിലേക്കു നയിച്ചതെന്നു കോടതി പറഞ്ഞു. ഒരുമിച്ചു ജീവിക്കുകയെന്ന ഒരേ ലക്ഷ്യത്തോടെ പ്രതികൾ നടത്തിയ കുറ്റകരമായ ഗൂഢാലോചന സംശയാതീതമായി തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.