വയനാട് മുണ്ടകൈ ഉരുൾപൊട്ടലിൽ ജീപ്പ് നഷ്ടപ്പെട്ട നിയാസിനു ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്. നിയാസിന്റെ ജീപ്പിനോട് സാമ്യം ഉള്ള അതേ ജീപ്പ് ഇടുക്കി അടിമാലിയിൽ നിന്നാണ് യൂത്ത് കോൺഗ്രസ് കണ്ടെത്തി വാങ്ങി നൽകിയത്.
മുണ്ടകൈ സ്വദേശിയാണ് നിയാസ്. ഉരുൾപൊട്ടലിൽ സർവ്വതും തകർന്നു. 900 കണ്ടിയിൽ സർവീസ് നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ജീപ്പും ഉരുളെടുത്തു. നിസ്സഹായതയിൽ കഴിഞ്ഞിരുന്ന നിയാസിന് ഇന്ന് യൂത്ത് കോൺഗ്രസ് തുണയായി. അന്ന് നഷ്ടപ്പെട്ട അതു പോലൊരു ജീപ്പ് യൂത്ത് കോൺഗ്രസ് ഇന്ന് കൈമാറി.
ദുരന്തത്തിൽ തകർന്ന ജീപ്പിനരികെ സങ്കടത്തോടെ നിൽക്കുന്ന നിയാസിന്റെ ചിത്രം കണ്ട സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് ജീപ്പ് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നത്. രാവിലെ മേപ്പാടിയിൽ വെച്ച് നടന്ന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ ജീപ്പ് കൈമാറി. ഇടുക്കി അടിമാലിയിൽ നിന്നാണ് ഫോർ വീൽ ജീപ്പ് എത്തിച്ചത്. വാഹനം കൈമാറുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ ദേവും പങ്കെടുത്തു..