mukesh-complaint

ലൈംഗിക പീഡന പരാതിയില്‍ നടന്‍  മുകേഷിനെതിരേ കേസെടുത്തതില്‍ പ്രതികരിച്ച് പരാതിക്കാരി. മുകേഷ് എംഎല്‍എ ആയി തുടരുന്നതിന് അര്‍ഹനല്ലെന്നും മുകേഷിനെതിരെ ഇനിയും പരാതികള്‍ വരുമെന്നും പരാതിക്കാരി പറഞ്ഞു. പീഡിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ടെന്നും ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാരി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതും പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയതും ഇപ്പോള്‍ പരാതി നല്‍കാന്‍ ധൈര്യം നല്‍കിയെന്നും യുവതി പ്രതികരിച്ചു.

യുവതിയുടെ വാക്കുകള്‍ ഇങ്ങനെ..

പാര്‍ട്ടിയും കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ല. കുറ്റം എപ്പോഴും കുറ്റം തന്നെയാണ്. കുറ്റത്തിന് പാര്‍ട്ടിയെന്നോ താരമെന്നോ ഉളള വ്യത്യാസമില്ല. തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറും. പോയ സ്ഥലം, ഏത് സമയത്താണ് പോയത്, ഫോണ്‍ ചാറ്റിങ്, റെക്കോര്‍ഡിങ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറും. കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ പൊലീസിന്റെ പിന്തുണയുണ്ട്. ഇരയ്ക്കൊപ്പം പൊലീസും സര്‍ക്കാരുമുണ്ടാകും. എനിക്കത് ബോധ്യപ്പെട്ടു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം. ഇങ്ങനെയുളള ആള് അധികാരക്കേരയില്‍ ഇരിക്കേണ്ട. അയാള്‍ ഇനി അതില്‍ ഇരിക്കുന്നതില്‍ ഒരു പ്രസക്തിയില്ല. ഒരു സ്ത്രീ ഒരു കളളം പറഞ്ഞാല്‍ അതിനെ ആരോപണവുമായി കാണാം. ഇതിപ്പോള്‍ ഞാന്‍ മാത്രമല്ലല്ലോ എത്ര പേരാണ് അദ്ദേഹത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ ഹോബി ആയിരിക്കാം. മുഖം മൂടി വച്ചാണ് അദ്ദേഹം ആ കസേരയില്‍ ഇരിക്കുന്നത്. അയാളുടെ അടുത്ത് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണുളളത്. മുകേഷ് എംഎല്‍എ ആയി തുടരുന്നതിന് അര്‍ഹനല്ല'എന്നുമായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.

അതേസമയം നടിയുടെ പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചിയില്‍ ഇന്നലെ പത്തുമണിക്കൂര്‍ നീണ്ട പരാതിക്കാരിയായ നടിയുടെ മൊഴിയെടുക്കലിന് പിന്നാലെയാണ് നിര്‍ണായക നടപടി.

ENGLISH SUMMARY:

Actress against Mukesh