actress-case

നടിയുടെ പരാതിയില്‍ മുകേഷിന് പുറമെ ജയസൂര്യ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കൂടി കേസ്. ഇടവേളബാബു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായാണ് ഏഴ്‍ പേര്‍ക്കെതിരെയും കേസെടുത്തത്. 

 

നടന്‍മാരായ ജയസൂര്യ, ഇടവേളബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മുകേഷിന് ഉള്‍പ്പടെ നടി പരാതി നല്‍കിയ ഏഴ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കണ്‍ടോണ്‍ഡമെന്‍റ് പൊലീസ് ആണ് ജയസൂര്യയ്ക്ക് എതിരെ കേസെടുത്തത്. സിനിമ ചിത്രീകരണത്തിനിടെ  സെക്രട്ടറിയേറ്റിലെ ശുചിമുറിയില്‍ വച്ച് ലൈഗികമായി അതിക്രമിച്ചെന്നാണ് ജയസൂര്യക്കെതിരായ പരാതി. ഐപിസി 354, 354എ,509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇടവേള ബാബു പീഡിപ്പിച്ചതെന്നാണ് നടിയുടെ പരാതി. ഐപിസി 376 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. ഫോര്‍ട്ട് കൊച്ചിയിലാണ് മണിയന്‍പിള്ള രാജുവിനെതിരായ കേസ്. അര്‍ധരാത്രിയില്‍ വാതിലില്‍ മുട്ടിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. ഐപിസി 356,376 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസെടുത്തു. സിനിമ ലൊക്കേഷന്‍ കാണിക്കാനെന്ന വ്യാജേന കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരായ പരാതി. ബലാല്‍സംഗത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നടിയുടെ പരാതിയില്‍ പ്രൊഡക്ഷന്‍ മാനേജര്‍ വിച്ചുവിനെതിരെ നെടുമ്പാശേരി പൊലീസും കേസെടുത്തു. 

ENGLISH SUMMARY:

Apart from Mukesh, a case has been filed against six others including Jayasuriya on the complaint of the actress