ജീവിതവും പ്രവൃത്തിയും കൊണ്ട് ഭാവിയെ മാറ്റിമറിച്ചവർ ചിന്തകൾ പങ്കുവയ്ക്കുന്ന മനോരമ ന്യൂസ് കോൺക്ലേവ് ഇന്ന്. ‘ചെയ്ഞ്ച് മേക്കേഴ്സ്’ കോൺക്ലേവ് രാവിലെ 10ന് ഹോട്ടൽ ‘ഓ ബൈ താമര’യിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 നു സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാവും. കാനിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ താരങ്ങളെ കോൺക്ലേവിൽ ആദരിക്കും. ഇവരുമായി സംവാദവും ഉണ്ടാകും.
‘ഇന്ത്യ കേൾക്കേണ്ട ശബ്ദ’ത്തെക്കുറിച്ച് ശശികാന്ത് സെന്തിൽ എംപി, ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി, എസ്എഫ്ഐ അഖിലേന്ത്യ സെക്രട്ടറി ദിപ്ഷിത ധർ എന്നിവർ സംവദിക്കും. ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് കുടിയേറ്റത്തിന്റെ മുഖംമാറ്റത്തെക്കുറിച്ചും ഇന്നർ മണിപ്പുർ എംപിയും ജെഎൻയു അസോഷ്യേറ്റ് പ്രഫസറുമായ ബിമൽ അകോയ്ജം മണിപ്പുരിലെ അകലുന്ന പരിഹാരത്തെക്കുറിച്ചും സംസാരിക്കും.
‘കേരളം മാറുന്ന മട്ടുണ്ടോ’ എന്ന ചോദ്യത്തിന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാൽ, മന്ത്രി പി.രാജീവ്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ ഉത്തരങ്ങളും ആശയങ്ങളും തേടും. സംസ്ഥാന ചരിത്രത്തിലാദ്യമായി ചീഫ് സെക്രട്ടറി പദമെന്ന ഭരണച്ചുമതല കൈമാറുന്ന ദമ്പതികളായ ഡോ.വി. വേണുവും ഡോ.ശാരദ മുരളീധരനും അവർ സ്വപ്നം കാണുന്ന മാറ്റങ്ങൾ പങ്കുവയ്ക്കും. മലയാള സിനിമയെ ഭ്രമിപ്പിക്കുന്ന, കാതലായ മാറ്റങ്ങളെക്കുറിച്ചു സംവിധായകരായ ജിയോ േബബി, ചിദംബരം, രാഹുൽ സദാശിവൻ എന്നിവർ സംവദിക്കും.
കാലാവസ്ഥ മാറുന്നതിനൊപ്പം നാടും മാറേണ്ടതിനെക്കുറിച്ചു കേന്ദ്രസർക്കാരിന്റെ വിജ്ഞാൻ യുവ–ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം നേടിയ പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റീരിയോളജി ശാസ്ത്രജ്ഞൻ ഡോ.റോക്സി മാത്യു കോളും ഉന്നതവിദ്യാഭ്യാസത്തിന്റെ നിലയും നിലവാരത്തെയും കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ (ന്യൂ ഇനിഷ്യേറ്റീവ്സ്) ഡോ.ടോം ജോസഫും സംസാരിക്കും. എന്നും ചോദ്യങ്ങളുമായെത്തുന്ന മനോരമ ന്യൂസ് അവതാരകരെ കൗണ്ടർ ക്വസ്റ്റ്യനിൽ സ്പീക്കർ എ.എൻ.ഷംസീർ ചോദ്യം ചെയ്യും.