TOPICS COVERED

എം.മുകേഷിന്‍റെ കേസും രാജിക്കാര്യവും ചര്‍ച്ച ചെയ്യാതെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നാളത്തെ സംസ്ഥാനസമിതിയോഗം ചര്‍ച്ച ചെയ്യും. എം.എല്‍.എ സ്ഥാനത്തു നിന്നുള്ള മുകേഷിന്‍റെ രാജി അനിവാര്യമെന്നു ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരില്‍ കണ്ടാവശ്യപ്പെട്ടിരുന്നു .മറ്റുള്ളവർക്കെതിരെ ആരോപണം ഉയർന്നപ്പോൾ രാജിവച്ചില്ലല്ലോ എന്നത് മുകേഷിന്‍റെ രാജിയാവശ്യത്തിലെ ന്യായീകരണമല്ലെന്നായിരുന്നു ബൃന്ദകാരാട്ടിന്‍റേയും പ്രതികരണം . അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പാണ് മുകേഷിനെ സംരക്ഷിക്കുന്നതെന്നായിരുന്നു വി.ഡി.സതീശന്‍റെ പ്രതികരണം. 

മുകേഷ് രാജിവെയ്ക്കുമോ എന്ന ചോദ്യം വളരെ ശക്തമായി ഉയരുന്നതിനിടെ ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തതേയില്ല.  കൊല്ലത്തെ നേതാക്കളുടേയും മുകേഷിന്‍റെ  വിശദീകരണവും തേടാനാണ് പാര്‍ടി തീരുമാനം. നാളത്തെ സംസ്ഥാനസമിതിയോഗം ചര്‍ച്ച ചെയ്യുമെങ്കിലും രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണ് പൊതുവിലുള്ള ധാരണ. സംഘടനാ വിഷയങ്ങളും പാര്‍ടി സമ്മേളനവുമായിരുന്നു ഇന്നത്തെ യോഗത്തിലെ ചര്‍ച്ച.സംസ്ഥാന നിര്‍വാഹക സമിതിയോഗത്തില്‍ വനിതാ അംഗങ്ങള്‍ നിലപാട് കടുപ്പിച്ചതോടെയാണ് രാജി അനിവാര്യമെന്ന ആവശ്യവുമായി സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ടുകണ്ടത്. അതേസമയം  മുകേഷിന്‍റെ രാജിയാവശ്യത്തില്‍ മുന്നണിക്കുള്ളില്‍ തര്‍ക്കങ്ങളില്ലെന്നായിരുന്നു മാധ്യമങ്ങളോടു ബിനോയ്്വിശ്വത്തിന്‍റെ പ്രതികരണം

നേരത്തെ എം മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളിയെന്നുമാത്രമല്ല കോൺഗ്രസ് നേതാക്കൾക്കെതിരായ ലൈംഗിക ആരോപണം ചൂണ്ടിക്കാട്ടി മുകേഷിനെ പ്രതിരോധിക്കാനാകില്ലെന്ന് ബൃന്ദ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. മറ്റുള്ളവർക്കെതിരെ ആരോപണം ഉയർന്നപ്പോൾ രാജിവച്ചില്ലല്ലോ എന്നത് ന്യായീകരണമല്ലെന്ന് ബൃന്ദ പാർട്ടി വെബ്സൈറ്റിലെ ലേഖനത്തിലാണ് വൃന്ദ നിലപാട് വ്യക്തമാക്കിയത്.അതേസമയം പാര്‍ടിയിലേയും മുന്നണിയിലേയും ആളുകള്‍ സമ്മര്‍ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ലെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ENGLISH SUMMARY:

CPM State Secretariat not discussing Mukesh's resignation; State committee meeting tomorrow