ആഷിക് അബു സംഘടനയ്ക്ക് പുറത്താണെന്നും രാജിവച്ചതാണെന്ന വാദം വിചിത്രവുമെന്ന് ഫെഫ്ക. എട്ട് വർഷത്തെ വാർഷിക വരിസംഖ്യ അടയ്ക്കാത്തതിനാൽ ആഷിഖിന്റെ ഡയറക്ടേഴ്സ് യൂണിയൻ അംഗത്വം പുതുക്കിയിട്ടില്ലെന്ന് ഫെഫ്ക അറിയിച്ചു. കുടിശികയായ 5000രൂപ ഈ മാസം എട്ടിന് അടച്ചെങ്കിലും അംഗത്വം പുതുക്കുന്നത് സംഘടന ചർച്ച ചെയ്യാനിരിക്കെയാണ് ആഷിഖ് രാജി വാർത്ത പ്രചരിപ്പിച്ചതെന്നും ഫെഫ്ക വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ താൻ സംഘടനയ്ക്ക് പുറത്താണെന്ന ഫെഫ്കയുടെ വിശദീകരണം സാങ്കേതികമാണെന്നും നേതൃത്വത്തിൽ ഇരിക്കുന്നയാളുകളുടെ പേര് പറഞ്ഞ് വിമർശിക്കുന്നത് വ്യക്തിപരമല്ലെന്നും ആഷിഖ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. അംഗത്വം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് താൻ അടച്ച വരിസംഖ്യ തിരിച്ചു തരണമെന്നും രസീതിന്‍റെ പകർപ്പ് പുറത്തുവിട്ട് ആഷിഖ് ആവശ്യപ്പെട്ടു.